qatar-wc

ദോഹ: ലോകകപ്പിന് മുന്നോടിയായി നടന്ന പരിശോധനയിൽ ഖത്തറിൽ നിന്നും 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികൾ പിടിച്ചെടുത്തു. ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പ് വിൽക്കുന്ന സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് പരിശോ‌ധന സംഘടിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമ്മിറ്റിയും സംയുക്തമായാണ് പരിശോധനയിലൂടെ വ്യാ‌‌ജ ലോകകപ്പുകൾ പിടിച്ചെടുത്തത്.

ലോകകപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി പുതിയതായി നിയമങ്ങൾക്ക് രൂപം കൊടുത്തിരുന്നു. ഈ നിയമങ്ങളുടെ ലംഘനം പരിശോധനയിൽ ബോദ്ധ്യമായതിനാൽ കാരണക്കാർക്കെതിരെ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ലോകകപ്പ് സംഘാടനത്തിനായി രൂപീകരിച്ച സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി ആന്റ് ഡെലിവറിയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഫിഫയുടെ സഹകരണത്തോടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ഇവ ശ്രദ്ധയിൽപ്പെട്ടാാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു.