kenya

നെയ്റോബി : കിഴക്കേ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ കടുത്ത വരൾച്ച മൂലം ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ചരിഞ്ഞത് 205 ആനകൾ. 40 വർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ വരൾച്ചയിലൂടെയാണ് കിഴക്കേ ആഫ്രിക്ക കടന്നു പോകുന്നത്. കെനിയൻ ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ ആനകളെ കൂടാതെ നൂറുകണക്കിന് വന്യ മൃഗങ്ങൾക്കും കടുത്ത ചൂടിൽ ജീവൻ നഷ്ടമായതായി കാണാം.

കെനിയയിൽ ഒറ്റപ്പെട്ട മഴകൾ ലഭിക്കുന്നുണ്ടെങ്കിലും വരും മാസങ്ങളിലും ശരാശരിയിൽ താഴെ മഴയാകും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭ്യമാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

വരൾച്ചയിൽ ജലസ്രോതസ്സുകൾ വറ്റിയതും പുൽമേടുകൾ കരിഞ്ഞുണങ്ങിയതും അവയെ ആശ്രയിച്ച് ജീവിക്കുന്ന മൃഗങ്ങളുടെ നിലനിൽപിനെ ബാധിച്ചു. 14 സ്പീഷീസുകളെ വരൾച്ച ബാധിച്ചെന്ന് അധികൃതർ പറയുന്നു. മാസായി മാരാ, സാവോ, അംബോസെലി ഉൾപ്പെടെ ലോകത്ത് ഏറ്റവും വൈവിദ്ധ്യമാർന്ന ജീവജാലങ്ങളെ കാണാനാവുന്ന നാഷണൽ പാർക്കുകൾ കെനിയയിലുണ്ട്. ഇവിടുത്തെ വംശനാശ ഭീഷണി നേരിടുന്ന അപൂർവ സ്പീഷീസുകളെയും വരൾച്ച പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.

 ജീവൻ നഷ്ടമായത്

(ഫെബ്രുവരി മുതൽ ഒക്ടോബർ വരെ )

 ആഫ്രിക്കൻ ആന - 205

 വിൽഡബീസ്റ്റ് - 512

 കോമൺ സീബ്ര - 381

 ഗ്രേവീസ് സീബ്ര - 49

 ജിറാഫ് - 12

 കാട്ടുപോത്ത് - 51