
ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി (106) അന്തരിച്ചു. സ്വന്തം നാടായ ഹിമാചൽപ്രദേശിലെ കിന്നൗറിൽ ഇന്ന് രാവിലെയാണ് അന്ത്യം. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
നേഗിയുടെ സംസ്‌കാര ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം നടത്തി വരികയാണെന്നും, അദ്ദേഹത്തിന് ആദരപൂർവം വിട നൽകുമെന്നും ജില്ലാ കളക്ടർ ആബിദ് ഹുസൈൻ പറഞ്ഞു. വാർദ്ധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായി നവംബർ രണ്ടിന് തപാൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. 1917 ജൂലായ് ഒന്നിനാണ് നേഗി ജനിച്ചത്. റിട്ട. സ്‌കൂൾ അദ്ധ്യാപകനാണ്. 1952ൽ നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ടറായ ശ്യാം, രാജ്യത്തെ ഏറ്റവും പ്രായംകൂടിയ വോട്ടറാണ്.സനം രേ എന്ന ഹിന്ദി സിനിമയിൽ ശ്യാം ശരണ്‍ നേഗി അഭിനയിച്ചിട്ടുണ്ട്.