
തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക തസ്തികകളിൽ സിപിഎം പ്രവർത്തകരെ തിരുകിക്കയറ്റാൻ നീക്കം. 295 ഒഴിവുകൾ ഉണ്ടെന്ന് കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് പുറത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പരസ്യമായത്.
'സഖാവേ' എന്നാണ് കത്തിൽ അഭിസംബോധന ചെയ്തിരിക്കുന്നത്. ഒഴിവുകളിലേയ്ക്കുള്ള മുൻഗണനാ പട്ടിക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നൽകണമെന്നും കത്തിൽ പറയുന്നു. എന്നാൽ കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. അവസാന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ മേയർ ഒപ്പിട്ട കത്തിലുണ്ട്. മേയർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നുണ്ട്. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.