mayor-rajendran

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ട് ഒഴിവുള്ള വിവിധ താൽക്കാലിക തസ്‌തികകളിൽ ആളെ നിയമിക്കുന്നതിന് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയർ ആര്യാ രാജേന്ദ്രന്റെ നടപടി വിവാദമാവുകയാണ്. 295 ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനായി പാർട്ടിക്കാരുടെ മുൻഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ആനാവൂർ നാഗപ്പന് മേയർ കത്തയച്ചത്.

മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ഈ മാസം ഒന്നിനാണ് കത്തയച്ചിരിക്കുന്നത്. 'സഖാവേ' എന്ന് അഭിസംബോധന ചെയ്‌തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് 'അഭ്യർത്ഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്‌തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്‌ടക്കാരെ കുത്തിനിറയ്‌ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്‌.

എന്നാൽ താൻ ഇത്തരത്തിലൊരു കത്തിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന തരത്തിലാണ് ആര്യയുടെ പ്രതികരണം. ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നുവെന്നും, പാർട്ടിയുമായി ആലോചിച്ച് പ്രതികരിക്കാമെന്നുമാണ് മേയറുടെ മറുപടി.

കത്ത് കിട്ടിയിട്ടിലെന്നും, പരിശോധിക്കാമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചിട്ടുണ്ട്. മേയർ കോഴിക്കോടാണ്. വിളിച്ചിട്ട് കിട്ടിയിട്ടിലെന്നാണ് ആനാവൂരിന്റെ വിശദീകരണം.

സംഭവം പുറത്തായതോടെ സമൂഹ മാദ്ധ്യമങ്ങളിലടക്കം ആര്യയ‌്ക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. മേയറുടേത് സത്യപ്രതിജ്ഞാലംഘനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

മാമാട്ടിക്കുട്ടി മുത്തല്ല, തിരുവോന്തരം മരതകമാണ് എന്നാണ് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷനുമായ ജയശങ്കറിന്റെ പരിഹാസം. തൽക്കാലം തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രമേ ഈ സൗകര്യമുളളൂ. വൈകാതെ പബ്ലിക് സർവീസ് കമ്മീഷൻ പിരിച്ചു വിട്ടു പാർട്ടി സർവീസ് കമ്മീഷൻ രൂപീകരിക്കുമെന്നും വക്കീൽ പരിഹസിക്കുന്നു.

പ്രത്യയശാസ്ത്ര പരിജ്ഞാനവും പാർട്ടി കൂറുമുളള സഖാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു കൊളളുന്നു. വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തി...

Posted by Advocate A Jayasankar on Friday, 4 November 2022