ജീത്തു ജോസഫ് - ആസിഫലി കൂട്ടുകെട്ടിൽ ഒരുങ്ങിയ 'കൂമൻ' ഇന്നലെയാണ് റിലീസ് ചെയ്തത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ കൂമന് മികച്ച പ്രേക്ഷക പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നു. കൗമുദി മൂവീസിലൂടെ ജീത്തു ജോസഫ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

jeethu-joseph

തന്റെ ജീവിതത്തിലെ രണ്ടാമത്തെ ത്രില്ലറാണിതെന്ന് സംവിധായകൻ പറയുന്നു. മെമ്മറീസ് ആണ് ആദ്യ ത്രില്ലർ. ദൃശ്യമൊക്കെ ഫാമിലി ഡ്രാമയാണ്. ട്വൽത്ത് മാൻ ഇൻവെസ്റ്റിഗേഷൻ സിനിമയാണ്. ഊഴം ആക്ഷൻ സിനിമയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

'കൂമൻ' സിനിമയിൽ ആസിഫലിയെ നായകനാക്കിയത് എന്തുകൊണ്ടാണെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി. ' ഇതിനകത്തെ ഹീറോ ആറടി പൊക്കമുള്ള ആളല്ല. വളരെ സാധാരണക്കാരാനായ ഒരു ചെറുപ്പക്കാരൻ, അയാൾക്ക് മസിൽ പവർ ഒന്നുമില്ല. സാധാരണ സിപിഒ ആണ്. നാട്ടിൽ തന്നെയാണ് പോസ്റ്റിംഗ്. ചെറുപ്പക്കാരാണ്, അധികം വലിപ്പമൊന്നുമില്ലാത്ത ആളായിരിക്കണം. ഇതൊക്കെ കൊണ്ടാണ് ആസിഫിനെ കാസ്റ്റ് ചെയ്തത്.'- അദ്ദേഹം പറഞ്ഞു.


മോഹൻലാലുമായുള്ള ബോൺഡിംഗിനെക്കുറിച്ചും ജീത്തു ജോസഫ് തുറന്നുപറഞ്ഞു. 'നല്ല സിനിമയാകുന്നതുകൊണ്ടാണ് ഹിറ്റാകുന്നത്. ഹിറ്റാകുന്നയാൾക്കാർക്ക് മാത്രം ഡേറ്റ് കൊടുക്കുന്നയാളല്ല ലാൽ സാർ. പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കുന്നയാളാണ് അദ്ദേഹം. ബോക്സ് ഓഫീസിൽ ഹിറ്റായില്ലെങ്കിലും ആ സിനിമ നല്ലതാണെന്ന് തോന്നിയാൽ ലാൽ സാർ ചെയ്യും.'- അദ്ദേഹം വ്യക്തമാക്കി.

താൻ അന്ധവിശ്വാസത്തിനെതിരെ പോകാൻ ആഗ്രഹിക്കുന്നയാളാണെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. എല്ലാവരും അൺലക്കി എന്ന് പറഞ്ഞിരുന്ന ക്യാമറാമാൻ സതീഷിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. 'ആദി തൊട്ട് ക്യാമറ സതീഷ് ആയിരുന്നു. ആദിയുടെ ലൊക്കേഷൻ കാണാനായി കാറിൽ ബംഗളൂരുവിൽ പോകുമ്പോൾ ഞാനും സതീഷും മാത്രമേയുള്ളൂ. അപ്പോൾ പുള്ളി എന്നോട് ചോദിച്ചു, സാർ എന്നെ എന്തുകൊണ്ടാണ് സെലക്ട് ചെയ്തതെന്ന്. അൺലെക്കി ക്യാമറമാൻ എന്ന് കേട്ടു അതുകൊണ്ട് സെലക്ട് ചെയ്തതെന്ന് ഞാൻ മറുപടി നൽകി.

ഞാൻ അങ്ങനെ വേറെ ആൾക്കാരെയും വച്ചിട്ടുണ്ട്. എന്റെ ആദ്യ സിനിമ മെമ്മറീസ് ചെയ്യുമ്പോൾ സുജിത് വാസുദേവനെക്കുറിച്ചും പലരും അങ്ങനെ പറഞ്ഞിരുന്നു. എല്ലാവരെയും കുറ്റം പറയുന്നുണ്ടെങ്കിൽ എന്തോ കഴിവുണ്ടെന്ന് ഞാൻ കരുതി. ഞാൻ ആ അന്ധവിശ്വാസത്തിന് എതിരെ പോകാൻ ആഗ്രഹിക്കുന്നയാളാണ്. മനപ്പൂർവം അല്ലെങ്കിലും മമ്മി ആൻഡ് മീ എന്ന് പറയുന്ന സിനിമ രാഹുകാലത്താണ് തുടങ്ങിയത്. എന്റെ ലൈഫിലെ ടേണിംഗ് പോയിന്റാണ് ആ പടം. ദൈവത്തിനൊരു പ്ലാനുണ്ടെങ്കിൽ അത് അതിന്റെ വഴിക്ക് അങ്ങ് പോയിക്കോളും എന്ന് വിശ്വസിക്കുന്നയാളാണ്.' സംവിധായകൻ വ്യക്തമാക്കി.