morbi-bridge

ഗാന്ധിനഗർ: 135 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്തിലെ തൂക്കുപാലം ദുരന്തത്തിൽ നിർമാണ കമ്പനിയ്ക്ക് ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഒറേവ ഗ്രൂപ്പ്‌സ് എന്ന കമ്പനിയ്ക്കായിരുന്നു പാലത്തിന്റെ നവീകരണത്തിനും മറ്റുമായി പതിനഞ്ച് വർഷത്തെ കരാർ നൽകിയിരിക്കുന്നത്. പാലത്തിന്റെ നവീകരണത്തിനായി സർക്കാ‌ർ നൽകിയ രണ്ട് കോടി രൂപയിൽ കമ്പനി ചെലവഴിച്ചത് വെറും പന്ത്രണ്ട് ലക്ഷം രൂപ മാത്രമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആറുമാസത്തെ നവീകരണ ജോലികൾ പൂർത്തിയായെന്നും പാലം വീണ്ടും തുറക്കുന്നത് പൂർണമായും സുരക്ഷിതമാണെന്നും ഒറേവ ഗ്രൂപ്പ്‌സ് ചെയർമാൻ ജയ്‌സുഖ് പട്ടേൽ ഒക്ടോബർ 24ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 30നായിരുന്നു പാലം തകർന്നുവീണ് വൻ ദുരന്തമുണ്ടാക്കിയത്. കരാർ തുകയുടെ ആറ് ശതമാനം മാത്രമാണ് നവീകരണത്തിനായി ചെലവഴിച്ചതെന്നാണ് കണ്ടെത്തൽ. ഫോറൻസിക് ലാബിലെ പരിശോധനയിൽ കണ്ടെത്തിയ നിരീക്ഷണങ്ങളോട് ചേർന്നുനിൽക്കുന്നതാണ് പൊലീസിന്റെ പുതിയ റിപ്പോർട്ട്. പട്ടേലും കുടുംബവും സ‌‌ഞ്ചരിച്ച ഭാഗത്തിൽ മാത്രമായിരുന്നു സുരക്ഷാ പരിശോധന നടത്തിയത്.

ക്ളോക്കുകളും വീട്ടുപകരണങ്ങളും നിർമിക്കുന്ന കമ്പനിയായ ഒറേവയ്ക്ക് അടിസ്ഥാന സൗകര്യ നിർമാണപ്രവർത്തനത്തിൽ വൈദഗ്ദ്ധ്യമില്ലെന്നും കണ്ടെത്തി. മോർബി പാലത്തിന്റെ നവീകരണ ചുമതല ഒറേവ മറ്റൊരു കമ്പനിയായ ദേവ്‌പ്രകാശ് സൊല്യൂഷൻസിന് ഉപകരാറായി നൽകിയിരുന്നു. ഗുജറാത്തിലെ ധ്രംഗാദ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയ്ക്കും പാലം നവീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം ഇല്ല.പാലത്തിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾക്കായി ചെവലഴിച്ച തുകയുടെ വിശദാംശങ്ങൾ ദേവ്‌പ്രകാശ് സൊല്യൂഷൻസിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ വ്യക്തമാക്കുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

പാലത്തിലെ തുരുമ്പ് പിടിച്ച വയറുകളും മറ്റും മാറ്റി പാലം ശക്തിപ്പെടുത്തുന്നതിന് പകരം പെയിന്റടിക്കുകയും ഗ്രീസ് തേയ്ക്കുകയും പോലുള്ള പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.