
തിരുവനന്തപുരം: എവിടെ എന്റെ ജോലി എന്ന മുദ്രാവാക്യവുമായി പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ ഇന്നിപ്പോൾ കടുത്ത പരിഹാസമാണ് ആ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'എവിടെ എന്റെ തൊഴിൽ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ വ്യാഴാഴ്ചയാണ് പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്‌ത മാർച്ചിൽ. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപിയായിരുന്നു അദ്ധ്യക്ഷൻ.
ബാലുശ്ശേരി എംഎൽഎയും ഭർത്താവുമായ സച്ചിൻ ദേവിനൊപ്പമാണ് പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ആര്യ ഡൽഹിയിലെത്തിയത്. സച്ചിനൊപ്പമുള്ള ചിത്രങ്ങളും ആര്യ പങ്കുവച്ചിരുന്നു. ഡൽഹിയിൽ ജോലിക്കുവേണ്ടിയുള്ള കേന്ദ്രസർക്കാരിനെതിരായ മാർച്ചിൽ പങ്കെടുത്ത മേയറാണ്, സ്വന്തം കോർപ്പറേഷനിൽ തൊഴിൽ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് വിമർശകരുടെ പ്രധാന ആരോപണം.
DYFI Parliament March Delhi✊🏻
Posted by Mayor Arya Rajendran S on Thursday, 3 November 2022
#where_is_my_job
#nov_3
#dyfi
295 ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനായി പാർട്ടിക്കാരുടെ മുൻഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ആനാവൂർ നാഗപ്പന് മേയർ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ഈ മാസം ഒന്നിനാണ് കത്തയച്ചിരിക്കുന്നത്. 'സഖാവേ' എന്ന് അഭിസംബോധന ചെയ്‌തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് 'അഭ്യർത്ഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്‌തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്‌ടക്കാരെ കുത്തിനിറയ്‌ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.
എന്നാൽ താൻ ഇത്തരത്തിലൊരു കത്തിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന തരത്തിലാണ് ആര്യയുടെ പ്രതികരണം. ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നുവെന്നും, പാർട്ടിയുമായി ആലോചിച്ച് പ്രതികരിക്കാമെന്നുമാണ് മേയറുടെ മറുപടി.
കത്ത് കിട്ടിയിട്ടിലെന്നും, പരിശോധിക്കാമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചിട്ടുണ്ട്. മേയർ കോഴിക്കോടാണ്. വിളിച്ചിട്ട് കിട്ടിയിട്ടിലെന്നാണ് ആനാവൂരിന്റെ വിശദീകരണം.