stampede

ജക്കാർത്ത: പ്രശസ്ത കെ പോപ്പ് ബാൻഡായ എൻ സി ടി 127ന് ഇന്തോനേഷ്യയിലെ തങ്ങളുടെ ആദ്യ സംഗീത പരിപാടി ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടി വന്നുവെന്ന് റിപ്പോർട്ട്. സംഗീത പരിപാടിയ്ക്കിടെ ഉന്തിലും തള്ളിലും മുപ്പത് പേർ കുഴഞ്ഞുവീണതിനെത്തുടർന്നാണ് പരിപാടി പൂർത്തിയാകും മുൻപ് തന്നെ അവസാനിപ്പിക്കേണ്ടി വന്നത്.

കഴിഞ്ഞ മാസം നടന്ന ഫുട്‌ബോൾ മത്സരത്തിന് ശേഷമുണ്ടായ കലാപത്തിൽ നാൽപ്പത് കുട്ടികളടക്കം 130 പേർ മരിച്ച സംഭവത്തിന്റെ ഞെട്ടലടങ്ങും മുൻപേയാണ് ഇന്തോനേഷ്യയിൽ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഹാലോവീൻ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും ദക്ഷിണ കൊറിയയിൽ 150ൽ അധികം പേർ മരിച്ച സംഭവം ലോകത്തെയാകെ നടുക്കി ഒരാഴ്ച പിന്നിടുന്നതേയുള്ളൂ.

ജക്കാർത്തയിൽ നടന്ന സംഗീത പരിപാടി ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുന്നതിനിടെ സ്റ്റേജിന് സമീപത്തേയ്ക്ക് എത്താൻ കാണികൾ ശ്രമിച്ചതാണ് സംഘർത്തിനിടയാക്കിയതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ മുപ്പത് പേർ ബോധരഹിതരായതോടെ കൂടുതൽ അപകടം ഒഴിവാക്കുന്നതിനായാണ് പരിപാടി ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടി വന്നതെന്നും പൊലീസ് വ്യക്തമാക്കി. ബോധരഹിതരായവർ പിന്നീട് ആരോഗ്യനില വീണ്ടെടുത്തതായും പൊലീസ് ഉദ്യോഗസ്ഥ അറിയിച്ചു.

ബാൻഡംഗങ്ങൾ ആരാധകർക്ക് സമ്മാനങ്ങളും മറ്റും നൽകുന്നതിനിടെ സ്റ്റേജിന് സമീപത്തേയ്ക്ക് എത്താൻ ഉന്തും തള്ളും ഉണ്ടാകുകയായിരുന്നെന്ന് കാണികളിലൊരാൾ പറഞ്ഞു. പുറകിൽ ഉണ്ടായിരുന്നവർ മുന്നോട്ട് തള്ളുകയും പിന്നാലെ ബാരിക്കേഡുകൾ തകരുകയും ചെയ്തതാണ് പ്രശ്നം വഷളാകാൻ കാരണം. ആരാധകർ പരസ്പരം ഉന്തും തള്ളും ഉണ്ടാക്കരുതെന്ന് ബാൻഡംഗങ്ങൾ അഭ്യർത്ഥിച്ചതായും ദൃക്‌സാക്ഷി വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ബാൻഡിന്റെ വരും ദിവസങ്ങളിലെ സംഗീത പരിപാടിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി. സംഗീത പരിപാടിയുടെ രണ്ടാം ദിവസമായ ഇന്ന് പരിപാടി നടത്താൻ ബാൻഡിന് പൊലീസ് അനുമതി നൽകി. എന്നാൽ ആരാധകർക്ക് സമ്മാനങ്ങൾ നൽകുന്നതിന് കർശന വിലക്കേർപ്പെടുത്തി. മാത്രമല്ല വേദിയിൽ ആരാധകരും ബാൻഡംഗങ്ങളും തമ്മിൽ ഇടപഴകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.