
മുംബയ്: ബാങ്കിംഗ് രംഗത്തെ പ്രമുഖനായ കെ.വി. കാമത്തിനെ റിലയസ് ഇൻഡസ്‌ട്രീസ് അഞ്ചുവർഷത്തേക്ക് സ്വതന്ത്ര ഡയറക്‌ടറായി നിയമിച്ചു. കമ്പനിയുടെ നിർദ്ദിഷ്‌ട ബാങ്കിതര ധനകാര്യസ്ഥാപനമായ (എൻ.ബി.എഫ്.സി) ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ നോൺ-എക്സിക്യുട്ടീവ് ചെയർമാനായി അദ്ദേഹത്തെ നിയമിക്കുന്ന പശ്ചാത്തലത്തിലാണിത്.
റിലയൻസ് ഇൻഡസ്‌ട്രീസിന് കീഴിലെ എൻ.ബി.എഫ്.സികളെയെല്ലാം റിലയൻസ് സ്‌ട്രാറ്റജിക് ഇൻവെസ്‌റ്റ്മെന്റ്‌സ് എന്ന ഉപസ്ഥാനവുമായി ലയിപ്പിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസ് എന്ന ഒറ്റക്കമ്പനിയായി മാറ്റും. തുടർന്ന് ഓഹരിവിപണിയിൽ ലിസ്‌റ്റും ചെയ്യും.
 കെ.വി.കാമത്ത് ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥനായിരിക്കേ 1970കളിലാണ് റിലയൻസ് ഇൻഡസ്‌ട്രീസ് ആദ്യമായി ടേം ലോൺ സ്വന്തമാക്കിയത്.
 മുകേഷ് അംബാനിയും അനിൽ അംബാനിയും തമ്മിലെ സ്വത്ത് വിഭജനം രമ്യമായി പൂർത്തിയാക്കിയതിലും അദ്ദേഹത്തിന് പങ്കുണ്ട്.
 2021ലെ ബഡ്‌ജറ്റിൽ കേന്ദ്രം പ്രഖ്യാപിച്ച നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് ഡെവലപ്‌മെന്റിന്റെ ചെയർമാനാണ് നിലവിൽ കാമത്ത്.