
തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളിൽ സിപിഎം പ്രവർത്തകരെ നിയമിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയ മേയർ ആര്യാ രാജേന്ദ്രനെതിരേ വിജിലൻസിൽ പരാതി. നഗരസഭ രണ്ടുവർഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കൗൺസിലറായ വി.എ. ശ്രീകുമാറാണ് പരാതി നൽകിയത്. അതേസമയം, മറ്റൊരു ചടങ്ങിലായതിനാൽ പരാതി കണ്ടിട്ടില്ലെന്നും പരാതി പരിശോധിച്ചശേഷം പ്രതികരിക്കാമെന്നുമാണ് വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ പ്രതികരണം.
അതേസമയം, ആര്യാ രാജേന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് കാണിച്ച് ഇലക്ഷൻ കമ്മിഷന് യൂത്ത് കോൺഗ്രസ് പരാതി നൽകി.യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് പരാതി നൽകിയത്. മുനിസിപ്പാലിറ്റീസ് ചട്ടം 143 അനുസരിച്ചാണ് ആര്യാ രാജേന്ദ്രൻ കൗൺസിലറും മേയറുമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭരണഘടനയോട് പൂർണ വിശ്വസവും ആദരവും നിലനിർത്തുമെന്നും പക്ഷപാതിത്വം പാലിക്കില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത മേയർ, പാർട്ടിക്കാരുടെ നിയമനത്തിനായി പാർട്ടി നേതാവിന് കത്ത് നൽകി. ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. അതിനാൽ മേയർക്ക് ആ പദവിയിൽ മാത്രമല്ല, കൗൺസിലറായി തുടരാനും അർഹതയില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.
295 ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനായി പാർട്ടിക്കാരുടെ മുൻഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ആനാവൂർ നാഗപ്പന് മേയർ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ഈ മാസം ഒന്നിനാണ് കത്തയച്ചിരിക്കുന്നത്. 'സഖാവേ' എന്ന് അഭിസംബോധന ചെയ്‌തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് 'അഭ്യർത്ഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്‌തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്‌ടക്കാരെ കുത്തിനിറയ്‌ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.
എന്നാൽ താൻ ഇത്തരത്തിലൊരു കത്തിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന തരത്തിലാണ് ആര്യയുടെ പ്രതികരണം. ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നുവെന്നും, പാർട്ടിയുമായി ആലോചിച്ച് പ്രതികരിക്കാമെന്നുമാണ് മേയറുടെ മറുപടി.
കത്ത് കിട്ടിയിട്ടിലെന്നും, പരിശോധിക്കാമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചിട്ടുണ്ട്. മേയർ കോഴിക്കോടാണ്. വിളിച്ചിട്ട് കിട്ടിയിട്ടിലെന്നാണ് ആനാവൂരിന്റെ വിശദീകരണം.