
തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളിൽ സിപിഎം പ്രവർത്തകരെ നിയമിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യാ രാജേന്ദ്രൻ കത്തെഴുതിയ സംഭവം വിവാദമായതിന് പിന്നാലെ സർക്കാരിന്റെ ഇടപെടൽ. 295 താത്‌കാലിക തസ്‌തികകളിലെ നിയമനങ്ങൾ എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കാൻ തീരുമാനമായി. താത്‌കാലിക ഒഴിവുകൾ വേഗത്തിൽ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് അറിയിച്ചത്.
295 ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനായി പാർട്ടിക്കാരുടെ മുൻഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ആനാവൂർ നാഗപ്പന് മേയർ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ഈ മാസം ഒന്നിനാണ് കത്തയച്ചിരിക്കുന്നത്. 'സഖാവേ' എന്ന് അഭിസംബോധന ചെയ്‌തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് 'അഭ്യർത്ഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്‌തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്‌ടക്കാരെ കുത്തിനിറയ്‌ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.
എന്നാൽ താൻ ഇത്തരത്തിലൊരു കത്തിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന തരത്തിലാണ് ആര്യയുടെ പ്രതികരണം. ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നുവെന്നും, പാർട്ടിയുമായി ആലോചിച്ച് പ്രതികരിക്കാമെന്നുമാണ് മേയറുടെ മറുപടി.
കത്ത് കിട്ടിയിട്ടിലെന്നും, പരിശോധിക്കാമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചിട്ടുണ്ട്. മേയർ കോഴിക്കോടാണ്. വിളിച്ചിട്ട് കിട്ടിയിട്ടിലെന്നാണ് ആനാവൂരിന്റെ വിശദീകരണം.