highway

 കേരളത്തിലെ ഏറ്റവും വലിയ എലവേറ്റഡ് ഹൈവേ

തിരുവനന്തപുരം: കഴക്കൂട്ടത്തുകാരും കഴക്കൂട്ടംവഴി സംസ്ഥാന തലസ്ഥാനത്തേക്കും തിരിച്ചും കടന്നുപോകുന്നവരും അനുഭവിക്കുന്ന യാത്രദുരിതത്തിന് വിരാമംകുറിക്കാൻ ആകാശപാത യാഥാർത്ഥ്യമായി. ഈമാസം അവസാനത്തോടെ ആകാശപാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ആർ.ഡി.എസ് പ്രൊജക്‌ട്‌സ് വൈസ് പ്രസിഡന്റ് കേണൽ എം.ആർ.ആർ.നായർ പറഞ്ഞു. ഉദ്ഘാടന തീയതിയിൽ തീരുമാനമായിട്ടില്ല.

2.271 കിലോമീറ്റർ ദൈർഘ്യമുമായി കേരളത്തിലെ ഏറ്റവും നീളംകൂടിയ എലവേറ്റഡ് ഹൈവേയാണിത്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ലോകോത്തര നിലവാരത്തിൽ ആകാശപാത നിർമ്മിച്ചത് ആർ.ഡി.എസ് പ്രൊജക്‌ട്‌സാണ്. കൊവിഡിൽ സമയനഷ്‌ടവും 75 ലക്ഷത്തോളം രൂപയുടെ അധികച്ചെലവും ഉണ്ടായെങ്കിലും നിലവാരത്തിൽ വിട്ടുവീഴ്‌ചയില്ലാതെയും അതിവേഗവും ആർ.ഡി.എസ് പ്രൊജക്‌ട്‌സ് ആകാശപാത സജ്ജമാക്കി.

സ്ഥലമെടുപ്പിനുള്ള തുകയിൽ 25 ശതമാനം സംസ്ഥാനവും ബാക്കി കേന്ദ്രവുമാണ് വഹിച്ചത്. എലവേറ്റഡ് ഹൈവേ നിർമ്മാണത്തുകയായ 195.50 കോടി രൂപ ചെലവിട്ടത് കേന്ദ്രമാണ്. നിർമ്മാണത്തിന് കേന്ദ്രമന്ത്രി വി.മുരളീധരൻ, ശശി തരൂർ എം.പി., കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് കേണൽ എം.ആർ.ആർ.നായർ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, നാട്ടുകാർ, വ്യാപാരികൾ, രാഷ്‌ട്രീയകക്ഷികൾ എന്നിവരിൽ നിന്നുള്ള പിന്തുണയും നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു.