
തിരുവനന്തപുരം: സഖാക്കൾക്ക് വിൽപ്പനയ്ക്കായി വെയ്ക്കാൻ സർക്കാർ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ഉയർന്ന നിയമന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചട്ടങ്ങൾ ലംഘിച്ച് കൊണ്ട് നഗരസഭയിലെ താത്കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയോട് മേയർ മുൻഗണന പട്ടിക ആരാഞ്ഞത് നിയമവിരുദ്ധമാണ്. അതിനാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.
സർക്കാർ ജോലി ലഭിക്കാനായി പാർട്ടി ശുപാർശ വേണമെന്ന നിബന്ധന അപമാനകരമാണ്. കേരളത്തിലെ തൊഴിന്വേഷകരെ അവഹേളിക്കുകയാണ്. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സിപിഎം ഭരണകാലത്തിലുണ്ടായ എല്ലാ നിയമനങ്ങളും പരിശോധിക്കണം. ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സിപിഎമ്മും വിലയിട്ടത്. നോക്കുകുത്തിയായ പിഎസ്‌സിയെ പിരിച്ച് വിടുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
295 ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനായി പാർട്ടിക്കാരുടെ മുൻഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ കത്തയച്ചത് വിവാദമായിരുന്നു. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ഈ മാസം ഒന്നിനാണ് കത്തയച്ചിരിക്കുന്നത്. 'സഖാവേ' എന്ന് അഭിസംബോധന ചെയ്‌തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് 'അഭ്യർത്ഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്‌തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്‌ടക്കാരെ കുത്തിനിറയ്‌ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്. വിവാദം ഏറ്റെടുത്ത പ്രതിപക്ഷ പാർട്ടികൾ വിഷയത്തിൽ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേ സമയം ഇത്തരത്തിലൊരു കത്ത് അയച്ചിട്ടില്ല എന്ന് മേയർ അറിയിച്ചു. പിന്നാലെ ഇപ്പോൾ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമുള്ള വിശദീകരണവുമായി നഗരസഭയും രംഗത്തെത്തി.