
ചെന്നൈ : തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ ആർഎസ്എസ് നവംബർ ആറിന് സംഘടിപ്പിക്കാനിരുന്ന റൂട്ട് മാർച്ച് മാറ്റിവെച്ചു. ഹൈക്കോടതി നിർദേശിക്കുന്ന കേന്ദ്രങ്ങളിൽ മാത്രമായി ചുരുക്കണം എന്ന ഉത്തരവിന് പിന്നാലെയാണ് റൂട്ട് മാർച്ച് ഉപേക്ഷിച്ച് കൊണ്ടുള്ല തീരുമാനം ആർഎസ്എസ് കൈക്കൊണ്ടത്. സംസ്ഥാനത്തെ നിലവിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ച് കൊണ്ട് സ്റ്റേഡിയങ്ങളിലോ ഗ്രൗണ്ടിലോ റൂട്ട് മാർച്ച് നടത്തണം എന്നായിരുന്നു മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്.
കഴിഞ്ഞ ദിവസം 50 ഇടങ്ങളിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസ് സംസ്ഥാന സർക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാൽ ദീപാവലി ദിനത്തിലെ കാർ ബോംബ് ആക്രമണം ചൂണ്ടിക്കാട്ടി മൂന്ന് ഇടങ്ങളിൽ മാത്രമാണ് സർക്കാർ അനുമതി നൽകിയത്. ഇതിനെതിരെ ആർഎസ്എസ് കോടതിയെ സമീപച്ചതോടെയാണ് നിബന്ധനകളോടെ 44 ഇടങ്ങളിൽ റൂട്ട് മാർച്ച് നടത്താൻ അനുവാദം നൽകിയത്. കോയമ്പത്തൂര്‍, പൊള്ളാച്ചി, നാഗര്‍കോവില്‍ അടക്കം ആറ് ഇടങ്ങളില്‍ മാര്‍ച്ച് നടത്താൻ പാടില്ലെന്നും എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ അതിന്റെ ഉത്തരവാദിത്വം ആർഎസ്എസിനായിരിക്കുമെന്നും കോടതി റൂൾ ചെയ്തു.
എന്നാൽ കേരളത്തിലടക്കമുള്ല സംസ്ഥാനങ്ങളിൽ സ്റ്റേഡിയങ്ങൾക്ക് പുറത്താണ് റൂട്ട് മാർച്ച് നടത്തിയതെന്നും കോടതി വിധിയ്ക്കെതിരെ അപ്പീൽ പോകുമെന്നുമുള്ള നിലപാടായിരുന്നു ആർഎസ്എസ് സ്വീകരിച്ചത്. തുടർന്ന് ഞായറാഴ്ച നടത്താനിരുന്ന റൂട്ട് മാർച്ച് ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് പ്രഖ്യാപിച്ച റൂട്ട് മാർച്ചിന് തമിഴ‍്നാട് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് കോടതിയലക്ഷ്യ ഹർജി നൽകിയെങ്കിലും തമിഴ‍്നാട് സർക്കാർ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് വർഗീയ സംഘർഷ സാദ്ധ്യത ഉള്ളതിനാലാണ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത കോടതി, ഒക്ടോബർ രണ്ടിന് പകരം നവംബർ ആറിന് റൂട്ട് മാർച്ച് നടത്താവുന്നതാണെന്ന് നിർദേശിക്കുകയായിരുന്നു.