
ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. ഷിംലയിൽ നടന്ന ചടങ്ങിൽ പത്ത് ഉറപ്പുകൾ അടങ്ങുന്ന പ്രകടന പത്രികയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം പുറത്തിറക്കിയത്. സ്ത്രീകൾക്ക് മാസം തോറും 1500 രൂപ . തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം അനുവദിക്കും. പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. കൂടാതെ കിലോയ്ക്ക് രണ്ട് രൂപ എന്ന നിരക്കിൽ ചാണകം ശേഖരിക്കും. നാല് പശുക്കളെ വരെ വാങ്ങാൻ അർഹർക്ക് ആനുകൂല്യം നൽകും എന്നീ പ്രഖ്യാപനങ്ങൾ കോൺഗ്രസ് ഭരണത്തിലേറിയാൽ നടപ്പിലാക്കും എന്ന ഉറപ്പ് പ്രകടന പത്രിക നൽകുന്നുണ്ട്.
കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ ബിജെപിയ്ക്ക് സംസ്ഥാനത്തിൽ ഭരണത്തുടർച്ച ഉറപ്പാണെന്ന് പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദ പ്രതികരിച്ചു. വ്യാപക തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന ഹിമാചലിൽ ഭരണപാർട്ടിയായ ബിജെപി ഇത് വരെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുത്തിട്ടില്ല. നിലവിലെ മുഖ്യമന്ത്രിയായ ജയറാം താക്കൂർ വർഷങ്ങളായി വിജയം ആവർത്തിക്കുന്ന സേരജ് മണ്ഡലത്തിൽ നിന്ന് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. നേരത്തെബോളിവുഡ് താരമായ കങ്കണ റണാവത്ത് ബിജെപി സീറ്റ് നൽകിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.