
ട്വിറ്റർ ശതകോടീശ്വരനായ ഇലോൺ മസ്ക് ഏറ്റെടുക്കുന്നു എന്ന വാർത്ത പലരും വലിയ ആകാംക്ഷയോടെയാണ് സ്വീകരിച്ചത്. കാരണം ടെസ്‌ല, സ്പേസ് എക്സ് എന്നീ സംരംഭങ്ങൾ പല പ്രതിസന്ധി ഘട്ടങ്ങൾക്കിടയിലും ലോകത്തിന് മുന്നിൽ കൂറ്റൻ വിജയമായി ഉയർത്തിക്കൊണ്ട് വന്ന യുവസംരംഭകൻ എന്ന നിലയിൽ പലരും വലിയ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പക്ഷേ ഏറെ നാളുള്ള അഭ്യൂഹങ്ങൾക്ക് ശേഷം പുതിയ മേധാവി കമ്പനി ഏറ്റെടുത്തത് ട്വിറ്ററിലെ തൊഴിലാളികൾക്ക് അത്ര നല്ല വാർത്ത ആയിരുന്നില്ല കരുതി വെച്ചത്. കമ്പനിയുടെ മേധാവിത്വ കൈമാറ്റത്തിന്റെ സമയം മുതൽ ഇലോൺ തൊഴിലാളികളെ പിരിച്ച് വിടും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ട്വിറ്ററിന്റെ തലപ്പത്തെത്തിയതിന് ശേഷം കൈയിൽ സിങ്കുമായി ഓഫീസിൽ പ്രത്യക്ഷപ്പെട്ട ഇലോൺ മസ്ക് ഇത് ശരി വെയ്ക്കുന്ന രീതിയിൽ പിന്നീട് ലോകമെമ്പാടുമുള്ള ട്വിറ്റർ ഓഫീസുകൾ അടച്ചിടുകയും തൊഴിലാളികളെ കൂട്ടമായി പിരിച്ച് വിടുകയുമാണ് ചെയ്തത്.
എന്നാലിപ്പോൾ ട്വിറ്ററിലെ തൊഴിലാളികളുടെ കൂട്ട പിരിച്ച് വിടലിന് പിന്നിലെ വിശദീകരണവുമായ് രംഗത്തെത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. പ്രതിദിനം കമ്പനി നേരിടുന്ന നാല് മില്ല്യൺ എന്ന ഭീമമായ നഷ്ടമാണ് തൊഴിലാളികളെ പിരിച്ച് വിടലെന്ന കാർക്കശ്യമായ നടപടി സ്വീകരിക്കാൻ കാരണമെന്നാണ് ട്വിറ്റർ സിഇഒ നൽകുന്ന വിശദീകരണം. പക്ഷേ പിരിച്ച് വിട്ട എല്ലാ തൊഴിലാളികൾക്കും മൂന്ന് മാസത്തെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും ഇത് നിയമപരമായി നൽകേണ്ടതിനേക്കാൾ 50 ശതമാനം അധികമാണെന്നുമാണ് ഇലോൺ മസ്ക് തന്റെ ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ട്വിറ്റർ മേധാവിയായ ഇലോൺ മസ്ക് തന്റെ പുതിയ നയങ്ങൾക്ക് തുടക്കം കുറിച്ചത് തന്നെ ഇന്ത്യൻ വംശജനായ ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെയും മറ്റ് മുതിർന്ന കമ്പനി അധികൃതരെയും പിരിച്ച് വിട്ട് കൊണ്ടായിരുന്നു. തുടർന്ന് ആഗോള തലത്തിൽ 44 ബില്ല്യൺ യുഎസ് ഡോളർ സ്വരൂപിക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള തൊഴിലാളികളിൽ നിന്ന് ഒരു വലിയ സംഖ്യയെ പിരിച്ച് വിടുമെന്നും അറിയിപ്പുണ്ടായി. പിരിച്ച് വിടൽ നടപടി മൂലം ലോകവ്യാപകമായി 3700 തൊഴിലാളികൾക്ക് ട്വിറ്ററിന്റെ പടിയിറങ്ങേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യയിലുള്ള 250 തൊഴിലാളികളിൽ നിന്ന് മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലെ നിരവധി പേർക്ക് പിരിച്ച് വിടൽ നടപടി മൂലം കൂട്ടമായി തൊഴിൽ നഷ്ടമായിരുന്നു.
Regarding Twitter’s reduction in force, unfortunately there is no choice when the company is losing over $4M/day.
— Elon Musk (@elonmusk) November 4, 2022
Everyone exited was offered 3 months of severance, which is 50% more than legally required.