old-monk-tea

വ്യത്യസ്തമായ ഭക്ഷണം രുചിക്കാൻ ആഗ്രഹമില്ലാത്തവരായി ആരാണുള്ളത്. സ്ഥിരം കഴിക്കുന്ന ഭക്ഷണ വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായ രുചിഭേദങ്ങൾ അടുക്കളയിൽ തന്നെ പാകം ചെയ്ത് അല്ലെങ്കിൽ ഏതെങ്കിലും റെസ്റ്റോറന്റിൽ പോയി ആസ്വദിക്കുന്നത് വല്ലാത്തൊരു സംതൃപ്തിയാണ് തരുന്നത് എന്ന കാര്യത്തിൽ സംശയമില്ല. ഇത്തരത്തിലുള്ള വ്യത്യസ്തമായ വിഭവങ്ങൾ ഇപ്പോൾ സൈബർ ലോകത്തും സ്ഥിരം വൈറലായി മാറുന്ന ഒരു കാഴ്ചയാണ് .

നിരവധി ഫുഡ് വ്ളോഗർമാർ ഭക്ഷണത്തിൽ വ്യത്യസ്തത അവതരിപ്പിക്കുമ്പോൾ ഒരു പടി കൂടെ കടന്ന് ഒരിക്കലും തമ്മിൽ ചേരാത്ത വിഭവങ്ങൾ തമ്മിൽ ഇടകലർത്തി പരീക്ഷണം നടത്തുന്ന വീഡിയോകളും ഇന്റർനെറ്റിൽ സുലഭമാണ്. അത്തരത്തിൽ കുർക്കുറേ മിൽക്ക് ഷേക്ക്, ന്യൂട്ടെല്ല ബിരിയാണി, മാഗി മിൽക്ക് ഷേക്ക്, ഫാന്റ ഓംലറ്റ്, ഗുലാബ് ജാമുൻ സമൂസ എന്നിങ്ങനെ പേര് കേട്ടാൽ തന്നെ ഭക്ഷണ പ്രേമികളെ പോലും രണ്ടാമതൊന്ന് ചിന്തിപ്പിക്കുന്ന വിഭവങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഭക്ഷണത്തെ തന്നെ ലഹരിയായി കണക്കാക്കുന്ന ഭക്ഷണപ്രേമികൾക്കിടയിൽ ഇത്തിരി കുഴപ്പിക്കുന്ന ലഹരിയുമായി പ്രത്യക്ഷപ്പെട്ട ചായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ഗോവയിൽ നിന്ന് പ്രചരിക്കുന്ന വീഡിയോയിലുള്ല ചായ അത്ര നിസാരക്കാരനല്ല. ക്ഷീണം മാറ്റാനായി ഈ ചായ കുടിച്ചാൽ ചിലപ്പോൾ മൊത്തത്തിൽ തന്നെ കുഴഞ്ഞെന്ന് വരാം. കാരണം ചായയിലെ പ്രധാന ചേരുവ ഓൾഡ് മങ്കാണ്.

കൻഡോലിമിലെ സിൻക്വെറിം ബീച്ചിലാണ് ഓൾഡ് മങ്ക് ഒഴിച്ച തന്തൂരി ചായ ലഭിക്കുന്നത്. വിനോദ സഞ്ചാരികൾക്കായി സ്ഥലത്തെ ചെറിയ ചായക്കടയിൽ നിന്ന് നൽകുന്ന ഓൾഡ് മങ്ക് ചായ വീഡിയോയ്ക്ക് പിന്നാലെ ഗോവയ്ക്ക് വെളിയിലും വൈറലായി മാറി. നിരവധി ഫ്ളേവറുകളിലുള്ള ചായ കണ്ടിട്ടുണ്ടെന്നും എന്നാൽ ഓൾഡ് മങ്ക് ചായ ഇതാദ്യമായാണെന്നുമാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. ഈ ചായ കുടിച്ച് കഴിഞ്ഞാൽ പൊലീസിനെ പേടിക്കാതെ എങ്ങനെ വാഹനമോടിക്കുമെന്ന സംശയവും ചിലർ പങ്കു വെയ്ക്കുന്നുണ്ട്.

Old monk tea in Goa. The end is near!!! 🙉 pic.twitter.com/1AYI0ikR40

— Dr V 🦷💉 (@DrVW30) November 3, 2022