kuwait

കുവൈറ്റ് സിറ്റി: പൊലീസ് ചമഞ്ഞെത്തിയവർ പ്രവാസിയെ കൊള്ലയടിച്ചു. ഡിറ്റക്ടീവ് ഉദ്യോഗസ്ഥരെന്ന പേരിലെത്തിയ രണ്ട് പേർ ചേർന്ന് ഒന്നരലക്ഷത്തിലധികം ഇന്ത്യൻ രൂപ വില വരുന്ന 600 ദിനാറാണ് തട്ടിപ്പിലൂടെ കൈക്കലാക്കിയത്. 41 വയസുള്ല പ്രവാസിയാണ് തട്ടിപ്പിനിരയായത്. ഇയാൾ പാകിസ്ഥാൻ സ്വദേശിയെന്നാണ് വിവരം. സംഭവത്തിൽ അൽ ഖഷാനിയ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വദേശികൾ ധരിക്കുന്ന തരത്തിലുള്ള പരമ്പരാഗത വേഷം ധരിച്ച ഒരാളും കായിക വസ്ത്രം ധരിച്ച മറ്റൊരാളുമാണ് തട്ടിപ്പ് നടത്തിയത്. ഇവർ രണ്ട് പേരും യുവാക്കളാണെന്നാണ് പരാതിയിൽ പറയുന്നത്. അബ്ദാലിയിൽ വെച്ച് ഇവർ ഇരയെ തടയുകയും തുടർന്ന് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയുമായിരുന്നു. രേഖകൾ കാണിക്കാനായി പേഴ്സ് പുറത്തെടുത്തതോടെ ഇവർ തട്ടിപ്പറിച്ച് കടന്നു കളയുകയായിരുന്നു.