soudi-mask

റിയാദ്: പകർച്ചപ്പനി തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾ മാസ്ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പകർച്ചപ്പനിയെ പ്രതിരോധിക്കാനായി വിമുഖത കൂടാതെ വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. നേരിട്ട് കണ്ണുകളിലും മൂക്കിലും തൊടുന്നതും പരമാവധി ഒഴിവാക്കാനും നിർദേശമുണ്ട്. പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുസമൂഹത്തിലെ മറ്റുള്ളവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പകർച്ചവ്യാധിക്കെതിരെ പ്രതിരോധം മെനയാനാണ് മന്ത്രാലയത്തിന്റെ തീരുമാനം ഇതിനായി പനിയ്ക്കെതിരായ ബോധവത്കരണം ലക്ഷ്യം വെച്ച് കൊണ്ട് പ്രത്യേക പ്രചരണ ക്യാംപെയിന് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു.

ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും നിരന്തരം കൈകൾ വൃത്തിയാക്കണമെന്നും തുമ്മലിനും ചുമയ്ക്കുമായി തൂവാലകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. 38 ഡിഗ്രി സെഷ്യൽസിലും ഉയർന്ന ശരീര താപനില, വിറയൽ, അസാധാരണമായ വിയർപ്പ് എന്നിവയാണ് പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ. പകർച്ചപ്പനി മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിച്ചാൽ സങ്കീർണമാകാൻ സാദ്ധ്യതയുള്ളതായി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി മൂർച്ഛിച്ച് ന്യുമോണിയ, ബ്രോങ്കൈറ്റീസ്, രക്തത്തിലെ അണുബാധ എന്നിവയായി പരിണമിച്ച് മരണത്തിന് വരെ സാദ്ധ്യതയുള്ളതായും അറിയിപ്പിൽ പറയുന്നു.