
ആലപ്പുഴ: വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ അരൂർ ദേശീയ പാതയിൽ പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം നടന്നത്. നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. കളപ്പുരയ്ക്കൽ അഭിജിത്ത് (23), കപ്പലിങ്കിൽ ആൽവിൻ (23), ചന്തിർ വടശേരി ബിജോയ് വർഗീസ് (24) എന്നിവരാണ് മരിച്ചത്. മൂവരും അരൂർ സ്വദേശികളാണ്.
എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ സ്‌കൂൾ ബസിന് പിന്നിലേയ്ക്കാണ് യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ അഭിജിത്തും ബിജോയ്‌യും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം. മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്ക് മാറ്റി.