
തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതിരോധത്തിലായതിനാൽ ഈ വിഷയവും ഗൗരവത്തോടെ പാളിച്ചയില്ലാതെ കൈകാര്യം ചെയ്യാനാണ് ഭരണസമിതിയുടെ തീരുമാനം. കത്ത് വ്യാജമാണെന്ന് തെളിയിക്കുകയാണ് ആദ്യ ഘട്ടം. പൊലീസിൽ ബന്ധപ്പെടാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ടെങ്കിലും പാർട്ടിക്കാരുടെ ഇടയിൽ നിന്ന് ചോർന്നതുകൊണ്ട് സംഭവം കണ്ടുപിടിക്കുന്ന കാര്യത്തിൽ പൊലീസിനും അത് ശ്രമകരമായ കാര്യമാണ്.
വസ്തുതകൾ നിരത്തി മാത്രമേ ഈ ആരോപണങ്ങൾ നേരിടാൻ നഗരസഭയ്ക്ക് സാധിക്കുകയൂള്ളൂ. താത്കാലിക നിയമനത്തിൽ ഭരണപക്ഷ യൂണിയന്റെ അതിപ്രസര ഇടപെടലുണ്ടായപ്പോൾ പാർട്ടി തന്നെ അതിന് കടിഞ്ഞാണിട്ടിരുന്നു. നഗരസഭ നിയമനങ്ങൾ നടന്നാൽ പാർട്ടിയും ജില്ലാഘടകവും അറിയണമെന്ന നിർദ്ദേശവും നഗരസഭയ്ക്ക് നൽകിയിരുന്നു.
ഭരണസമിതിയുടെ വാദം
ഇന്റർവ്യൂ തീയതി മാറ്റിയതിൽ ദുരൂഹത
നഗരസഭയ്ക്ക് കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ 295 പേരുടെ കരാർ നിയമനത്തിന്റെ ഇന്റർവ്യൂ തീയതി മാറ്റിയതിലും ദുരൂഹത വർദ്ധിക്കുന്നുണ്ട്. നവംബർ 3 മുതൽ 10 വരെയായിരുന്ന ഇന്റർവ്യൂ 21 മുതൽ 28 വരെയാക്കി മാറ്റി നിശ്ചയിക്കുകയായിരുന്നു. നവംബർ 1നാണ് നിയമനത്തിനായി പാർട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. പാർട്ടിക്കാരുടെ ലിസ്റ്റ് തയ്യാറാക്കാൻ ആനാവൂർ നാഗപ്പൻ സമയം ചോദിച്ചതിനെ തുടർന്ന് മേയർ ഇന്റർവ്യൂ തീയതി മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.