mayor

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകുന്നത് പാർട്ടി നിർദേശപ്രകാരമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പാർട്ടിയിലെ ആഭ്യന്തര അന്വേഷണത്തിൽ കാര്യമില്ലെന്നും, സിപിഎമ്മിലെ വിഭാഗീയത മാദ്ധ്യമങ്ങളുടെ പ്രചാരവേലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദം ഒഴിവാക്കാൻ വേണ്ടിയാണ് നിയമനം എംപ്ലോയിമെന്റ് എക്‌സ്ചേഞ്ച് വഴിയാക്കിയതെന്നും, മേയർ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും ആനാവൂർ നാഗപ്പൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപറേഷനിൽ ഒഴിവുണ്ടെന്ന് അറിയിച്ചുകൊണ്ട്, പാർട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാൻ ലിസ്റ്റ് തേടി മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ ആനാവൂർ നാഗപ്പനയച്ച കത്ത് ആണ് വിവാദത്തിലായത്. നഗരസഭാ ആരോഗ്യ വിഭാഗത്തിൽ 297 പേരുടെ ദിവസവേതന നിയമനത്തിനുള്ള പട്ടികയാണ് കത്തിൽ ആവശ്യപ്പെട്ടത്.

മേയറുടെ ഔദ്യോഗിക ലെറ്റർപാഡിലുള്ള കത്ത് പുറത്തുവന്നതോടെ യു ഡി എഫും ബി ജെ പിയും ആര്യ രാജേന്ദ്രന്റെ രാജിയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. കത്ത് വ്യാജമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സി പി എമ്മും മേയറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.