
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ജ്യൂസ് ചലഞ്ച് ആസൂത്രണം ചെയ്തതെന്ന് കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പലവതണ ജ്യൂസിൽ വിഷം കലക്കി കൊലപ്പെടുത്താൻ ശ്രമിച്ചതായും ഗ്രീഷ്‌മ മൊഴിനൽകി. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്‌മ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ തമ്മിൽ കാണുമ്പോഴെല്ലാം ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഷാരോണിന് ശീതളപാനീയം നൽകാറുണ്ടായിരുന്നു. രണ്ടുപേർക്കുമുള്ള ജ്യൂസ് ഗ്രീഷ്‌മ തന്നെ കൈയിൽ കരുതും. ഇതിൽ നിറവ്യത്യാസം ഉള്ളതാണ് ഷാരോണിന് നൽകാറുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ ഷാരോണിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഷാരോണിന്റെ മരണത്തിൽ ജ്യൂസിനും കഷായത്തിനും പങ്കുള്ളതായി ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഷാരോൺ ആരോടും ഒന്നും പറഞ്ഞിരുന്നില്ല.
ചലഞ്ച് എന്താണെന്ന് ചോദിക്കുമ്പോൾ പിന്നീട് പറയാമെന്നാണ് ഗ്രീഷ്‌മ മറുപടി നൽകുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തരുതെന്നും ഷാരോണിനോട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിനും ലഭിച്ചിരുന്നു. ആശുപത്രിയിലാകുന്നതിന് മുൻപും ജ്യൂസ് കുടിച്ച് ഛർദ്ദിച്ച വിവരം ഷാരോൺ ഗ്രീഷ്‌മയോട് ചാറ്റിലൂടെ പറയുന്നുണ്ട്. ഇതിന് ശേഷമാണ് ഗ്രീഷ്‌മ ഷാരോണിന് കഷായം നൽകിയത്.എന്നാൽ താൻ ഷാരോണിന് വിഷം നൽകിയിട്ടില്ലെന്നും ജ്യൂസ് കുടിച്ച് ഒന്നും സംഭവിക്കില്ലെന്നുമാണ് ഗ്രീഷ്‌മ ഷാരോണിന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.
അതേസമയം, ഗ്രീഷ്മയെ ഇന്ന് രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഗ്രീഷ്‌മയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ, പ്രതിഭാഗം ശക്തമായി എതിർത്തിരുന്നു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും, അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ ഏഴ് ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കാനും, തെളിവെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കാനുമാണ് കോടതിയുടെ നിർദേശം.