
കൊണാക്രി: ഗിനിയിൽ നേവിയുടെ പിടിയിലായ ഇരുപത്തിയാറംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തിൽ. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് അടക്കമുള്ള മലയാളികളും സംഘത്തിലുണ്ടെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
നൈജീരിയൻ നാവികസേനയുടെ നിർദേശം അനുസരിച്ചാണ് ഗിനിയൻ നേവി വിജിത്ത് ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. ഇവരെ നൈജീരിയയ്ക്ക് കൈമാറാനാണ് ഗിനിയൻ നേവിയുടെ തീരുമാനം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഹീറോയിക് ഐഡം എന്ന കപ്പൽ ക്രൂഡ് ഓയിൽ നിറയ്‌ക്കാനായിട്ടാണ് നൈജീരിയയിലെ എകെപി ടെർമിനലിൽ എത്തിയത്.
ഇതിനിടെ ടെർമിനലിനെ ലക്ഷ്യമാക്കി ഒരു ബോട്ട് വരുന്നത് ജീവനക്കാർ ശ്രദ്ധിച്ചു. കടൽക്കൊള്ളക്കാരാണെന്ന് കരുതി ഉടൻ തന്നെ കപ്പൽ അവിടെ നിന്ന് മാറ്റുകയും ചെയ്തു. തുടർന്ന് ഗിനിയൻ നേവി കസ്റ്റഡിയിലെടുത്തപ്പോഴാണ് ടെർമിനലിനെ ലക്ഷ്യമാക്കി വന്നത് നൈജീരിയൻ നേവിയാണെന്ന് മനസിലായത്. ക്രൂഡ് ഓയിൽ മോഷണത്തിനെത്തിയ കപ്പൽ എന്ന രീതിയിലാണ് അന്വേഷണം നടത്തുന്നത്.കപ്പൽക്കമ്പനി മോചനദ്രവ്യം നൽകിയിരുന്നെങ്കിലും ജീവനക്കാരെ മോചിപ്പിച്ചില്ല.