election

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി. തെലങ്കാന, ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്,ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും ഒന്നരവർഷം മാത്രം ശേഷിക്കെ, ഉപതിരഞ്ഞെടുപ്പിലെ ജനവിധി ദേശീയ രാഷ്‌ട്രീയത്തിലും ചർച്ചയാകും.


ഹരിയാനയിലെ അദ്മാപൂർ, ബീഹാറിൽ ഗോപാൽഗഞ്ചിലും മൊകാമയിലും, മഹാരാഷ്ട്രയിലെ അന്ധേരി (കിഴക്ക്), തെലങ്കാനയിലെ മുനുഗോഡ് (തെലങ്കാന), ഉത്തർപ്രദേശിലെ ഗോല ഗോകരനാഥ് , ഒഡീഷയിലെ ധാംനഗർ എന്നിവിടങ്ങളിൽ നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ്), രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി), സമാജ്‌‌‌വാദി പാർട്ടി (എസ് പി), ബിജു ജനതാദൾ (ബി ജെ ഡി) തുടങ്ങിയ പ്രാദേശിക പാർട്ടികളും തമ്മിലാണ് കടുത്ത പോരാട്ടം.

ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഉത്തർപ്രദേശ്, ഹരിയാന, ബീഹാർ (ഗോപാൽഗഞ്ച്) ഒഡീഷയിലെ ധാംനഗർ എന്നിവിടങ്ങളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. ബീഹാറിലെ മൊകാമയിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദൾ മുന്നിലാണ്. മുനുഗോഡിൽ കെ ചന്ദ്രശേഖറിന്റെ റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതിയും അന്ധേരി ഈസ്റ്റിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗവും ലീഡ് ചെയ്യുന്നു.

തെലങ്കാനയിലെയും ബീഹാറിലെയും ജനവിധിയാണ് പ്രധാനമായും ഏവരും ഉറ്റുനോക്കുന്നത്. കോൺഗ്രസ് എം എൽ എ രാജിവച്ച് ബി ജെ പിയിൽ ചേർന്നതിനെ തുടർന്നാണ് മുനുഗോഡ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.

ബി ജെ പിയുടെ ആർ കെ രാജഗോപാൽ റെഡ്ഡിയും, ടി ആർ എസിലെ മുൻ എംഎൽഎ കുസുകുന്ത്ല പ്രഭാകർ റെഡ്ഡിയും, കോൺഗ്രസിന്റെ പല്വായ് ശ്രാവന്തിയും തമ്മിലാണ് പ്രധാനമായും മത്സരം. സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ ആധിപത്യം പ്രകടിപ്പിക്കാനും, വൻ വിജയത്തോടെ ദേശീയതലത്തിലെത്താനുമാണ് ടി ആർ എസിന്റെ ശ്രമം. പാർട്ടി അടുത്തിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്ന് പുനർനാമകരണം ചെയ്‌തിരുന്നു.

കനത്ത പോരാട്ടമാണ് ബീഹാറിലും നടക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മഹാസഖ്യത്തിന് മുന്നിലുള്ള ആദ്യ പരീക്ഷണമാണ് ഈ ഉപതിരഞ്ഞെടുപ്പ്. എൻ ഡി എ വിട്ട് തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളും(ആർജെഡി), കോൺഗ്രസുമായി ചേർന്ന് മൂന്ന് മാസം മുമ്പാണ് നിതീഷ് കുമാർ സർക്കാർ രൂപീകരിച്ചത്. ബീഹാറിൽ രണ്ട് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി യെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പിലെ വിജയം പാർട്ടിയുടെ അഭിമാന പ്രശ്നം കൂടിയാണ്.