indian-currency-

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് നോട്ടടിക്കാൻ അവകാശമില്ലെങ്കിലും ഇനി രാജ്യത്ത് നോട്ടടിക്കുന്നത് കേരളത്തിൽ നിന്നുളള മഷിക്കൂട്ട് കൊണ്ടായിരിക്കും. തിരുവനന്തപുരത്ത് പാപ്പനംകോട്ടുള്ള നാഷണൽ ഇന്റർഡിസിസ്ളിനറി സയൻസ് ആൻഡ് ടെക്‌നോളജിയിൽ വികസിപ്പിച്ച രാസപ്പൊടിയാണ് റിസർവ്വ് ബാങ്ക് ഇനി നോട്ടടിക്കാൻ ഉപയോഗിക്കുക.

മലയാളിയും പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനുമായ ഡോ.എ.അജയഘോഷിന്റെയും ഡോ.സി.വിജയകുമാറിന്റെയും നേതൃത്വത്തിലുള്ള ടീം വികസിപ്പിച്ച 'പിഗ്മെന്റ് 'നോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്നതിന് തീരുമാനമായി. ഫ്ളൂറസന്റ് മെറ്റീരിയലുപയോഗിച്ച് തയ്യാറാക്കിയ പിഗ്മെന്റ്(രാസപ്പൊടി)ഉം ചില പ്രത്യേക കൂട്ടുകളുപയോഗിച്ച് തയ്യാറാക്കിയ ലായനിയും ചേർത്തുണ്ടാക്കിയ മഷി ഉപയോഗിച്ചാണ് റിസർവ്വ് ബാങ്ക് നിലവിൽ നോട്ട് അച്ചടിക്കുന്നത്. 23 സുരക്ഷാമുൻകരുതലുകളോടെ പ്രത്യേകമായി തയ്യാറാക്കിയ കോട്ടൺ,ലിനൻ മെറ്റീരിയലുപയോഗിച്ച് തയ്യാറാക്കിയ പേപ്പറാണ് ഉപയോഗിക്കുന്നത്. മഷിയുണ്ടാക്കാൻ വേണ്ട ഫ്ളൂറസന്റെ് മെറ്റീരിയൽ പിഗ്മെന്റാണ് തിരുവനന്തപുരത്ത് വികസിപ്പിച്ചത്. ഒൻപത് വ്യത്യസ്ത രാസമിശ്രിതത്തിൽ യൂണിക് രീതിയിൽ തയ്യാറാക്കിയ പിഗ്മെന്റിന്റെ ഒരു ഉത്പന്നമാണ് നോട്ടടിക്കാൻ ഇവിടെ ഉപയോഗിക്കുക. മറ്റ് പിഗ്മെന്റുകൾ ഇതര രാജ്യങ്ങൾക്ക് അവരുടെ കറൻസികൾ അച്ചടിക്കാൻ ഉപയോഗിക്കാനായി കയറ്റുമതി ചെയ്യും.

നിലവിൽ നോട്ട് അച്ചടിക്കാനുള്ള പിഗ്മെന്റ് സ്വിറ്റ് സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. രാസകൂട്ട് ലായനി രാജ്യത്ത് തന്നെ തയ്യാറാക്കുന്നു. പിഗ്മെന്റും ഇവിടെത്തന്നെ തയ്യാറാക്കുന്നതോടെ നോട്ട് അച്ചടിക്കാനുള്ള ചെലവിൽ 70ശതമാനം കുറവുണ്ടാകും. കള്ളനോട്ട് അച്ചടിച്ച് ഇന്ത്യയിൽ സാമ്പത്തിക അസ്ഥിരതയുണ്ടാക്കാനുള്ള ശത്രുരാജ്യങ്ങളുടെ ശ്രമങ്ങളെ ചെറുക്കാനും ഇത് സഹായമാകും.

ആത്മനിർഭർ ഭാരതത്തിന്റെ ഭാഗമായി 2016ലാണ് നോട്ട് നിർമ്മാണത്തിനുള്ള മഷിക്കൂട്ട് തയ്യാറാക്കാനുള്ള ദൗത്യം കേന്ദ്രഗവേഷണ സ്ഥാപനമായ സി.ഐ.എസ്.ആർ വഴി തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റിയൂട്ടിലെത്തുന്നതെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റും ടീം ലീഡറുമായ സി.വിജയകുമാർ പറഞ്ഞു.

ഫോട്ടോണിക്സിലും ഫോട്ടോൺ കെമിസ്ട്രിയിലും ഒന്നരപ്പതിറ്റാണ്ടിലേറെ കാലത്തെ മികച്ച ഗവേഷണ നേട്ടമാണ് പദ്ധതി തിരുവനന്തപുരത്തെത്തിച്ചത്. ദൗത്യം വിജയിച്ചതോടെ കഴിഞ്ഞ വർഷത്തെ ശാസ്ത്രമികവിനുള്ള പുരസ്‌കാരവും ടീമിന് ലഭിച്ചു.ഇവിടെ വികസിപ്പിച്ച പിഗ്മെന്റ് വ്യാവസായികമായി ഉത്പാദിപ്പിക്കുന്നതിന് ബംഗളൂരുവിലെ വി.എച്ച്.എം.ഐ എന്ന സ്ഥാപനത്തിനാണ് ചുമതല. മഷി തയ്യാറാക്കുന്നത് മദ്ധ്യപ്രദേശിലെ ദാവോസിലുള്ള നാഷണൽ സെക്യുരിറ്റി പ്രസിലായിരിക്കും. മൈസൂരിലെ ആർ.ബി.ഐ പ്രസിലാണ് നോട്ട് അച്ചടിക്കുക.

നേട്ടത്തിനു പിന്നിൽ

പട്ടാമ്പി ചൂരക്കോട് സ്വദേശിയാണ് ടീം ലീഡറായ സി.വിജയകുമാർ. പാപ്പനംകോട് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഡോ.എ.അജയഘോഷിന്റെ നേതൃത്വത്തിൽ ഗവേഷണം പൂർത്തിയാക്കിയശേഷം ജപ്പാനിലെ ഒസാക്കാ സർവ്വകലാശാലയിൽ അസി.പ്രൊഫസറായി. വീണ്ടും തിരുവനന്തപുരത്തെത്തി പ്രിൻസിപ്പൽ സയന്റിസ്റ്റായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപികയായ ബിജിത ബാലനാണ് ഭാര്യ. മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദിത്യ.

കൊല്ലം പെരിനാട് വെള്ളിമൺ സ്വദേശിയാണ് ഡോ.അജയഘോഷ്.1988ലാണ് പാപ്പനംകോട്ടെ ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നത്. ഫ്ളൂറസൻസ് മെറ്റീരിയിൽ ഗവേഷണത്തിൽ രാജ്യത്തെ മുൻനിര ശാസ്ത്രജ്ഞനാണ്. അദ്ധ്യാപികയായ അമ്പിളിയാണ് ഭാര്യ.എൻജിനിയറിംഗ് ബിരുദധാരികളായ അനന്തകൃഷ്ണനും അനന്തരാമനും മക്കൾ.

പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കാർത്തികേയൻ വേണുഗോപാൽ, സീനിയർ സയന്റിസ്റ്റുമാരായ ഡോ.ശ്രീജിത് ശങ്കർ,ഡോ.വി.കെ.പ്രവീൺ,ഡോ.സാജുപിള്ള,ഡോ.ജൂബി ജോൺ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.