cricket

അഡ്‌ലെയ്‌ഡ്: ടി20 ക്രിക്കറ്റിന്റെ പ്രവചനാതീത സ്വഭാവത്തിന് ഉദാഹരണമായി അഡ്‌ലെയ്‌ഡ് ഓവലിലെ ഇന്നത്തെ മത്സരഫലം കണ്ടാൽ തെറ്റില്ല. നിർണായക മത്സരത്തിൽ താരത‌മ്യേന പുതുമുഖങ്ങളായ നെതർലാൻഡ്സിനോട് തോറ്റ് ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പിൽ നിന്നും പുറത്തായി. 13 റൺസിനാണ് ദക്ഷിണാഫ്രിക്ക നെതർലാൻഡ്സിനോട് തോറ്റത്.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡച്ച് ടീം 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 158 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 145 റൺസ് മാത്രമേ നേടാനായുള‌ളു. കൊളിൻ അക്കർമാന്റെ ആക്രമണോത്സുക ബാറ്റിംഗാണ് അവർക്ക് ഭേദപ്പെട്ട സ്‌കോർ നേടിയത്. 26 പന്തുകൾ നേരിട്ട അക്കർമാൻ മൂന്ന് ഫോറും രണ്ട് സിക്‌സറുമടക്കം 41 റൺസ് നേടി പുറത്താകാതെ നിന്നു. ബൗളിംഗിലും അക്കർമാൻ മികവ് പുലർത്തി. മൂന്ന് ഓവറുകളിൽ വിക്കറ്റ് ഒന്നും നേടാനായില്ലെങ്കിലും വഴങ്ങിയത് കേവലം 16 റൺസ് മാത്രം. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ അക്കർ‌മാനാണ് കളിയിലെ കേമൻ. കളിയിൽ തോറ്റതോടെ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി. ഗ്രൂപ്പിൽ ഒന്നാമതുള‌ള ഇന്ത്യ ഇതോടെ സിംബാബ്‌വെയുമായുള‌ള കളിയ്‌ക്ക് മുൻപുതന്നെ സെമിയിൽ പ്രവേശിച്ചു.

ഇന്നത്തെ വിജയത്തോടെ അടുത്ത ടി20 ലോകകപ്പിലേക്കും നെതർലാൻഡ്‌സ് യോഗ്യത നേടി. ഗ്രൂപ്പുകളിലെ ആദ്യനാല് സ്ഥാനക്കാരും നേരിട്ട് അടുത്ത ലോകകപ്പിലേക്ക് യോഗ്യത നേടും എന്നതാണ് നെതർലാൻഡ്സിന് അനുകൂലമായത്. ലോകക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നെതർലാൻഡ്സിന്റെ ആദ്യ വിജയമാണിത്. നെതർലാൻഡ്‌സിനായി അക്കർമാന് പുറമേ ഓപ്പണർമാരായ സ്‌റ്റീഫൻ മൈബർഗ് (37), മാക്‌സ് ഓഡവ്‌ഡ് (29), ടോം കൂപ്പർ(35) എന്നിവരും നന്നായി ബാറ്റ് ചെയ്‌തു. ദക്ഷിണാഫ്രിക്കയുടെ റൂസോ (25), ഹെൻറിച്ച് ക്ളാസൻ (21), നായകൻ തെമ്പ ബാവുമ (20) എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട സ്‌കോർ നേടാനായുള‌ളു. നെതർലാൻഡ്സിന് വേണ്ടി ബ്രണ്ടൻ ഗ്ളോവർ രണ്ടോവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജ് നാലോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.