
സിഡ്നി: ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിനുള്ള ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക പീഡനക്കേസിൽ അറസ്റ്റിൽ. ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് ഇരുപത്തിയൊൻപതുകാരി നൽകിയ പരാതിയിൽ സിഡ്നി പൊലീസാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരിയെ നവംബർ രണ്ടിന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിയൊന്നുകാരനായ ഗുണതിലകിനെതിരെയുള്ള ആരോപണം. കഴിഞ്ഞ ദിവസമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ശ്രീലങ്ക - ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.
ഡേറ്റിംഗ് ആപ്പ് വഴിയാണ് പരാതിക്കാരിയായ ഇരുപത്തിയൊൻപതുകാരി ധനുഷ്‌ക ഗുണതിലകിനെ പരിചയപ്പെട്ടത്. കുറച്ച് ദിവസം ചാറ്റുചെയ്‌തു. കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ട് സിഡ്നിയിലെ റോസ്‌ബേയിലുള്ള വീട്ടിൽവച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
സ്ത്രീയുടെ സമ്മതമില്ലാത ലൈംഗികബന്ധത്തിലേർപ്പെട്ടതടക്കമുള്ള നാലോളം കുറ്റങ്ങളാണ് ധനുഷ്‌ക ഗുണതിലകിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സിഡ്നി പൊലീസ് അറിയിച്ചു.