cheetah-

ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നും മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച എട്ട് ചീറ്റകളിൽ രണ്ടെണ്ണത്തെ കഴിഞ്ഞ ദിവസം കുറച്ച് കൂടി വിശാലമായ ചുറ്റുപാടിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരമാണ് പാർക്കിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചീറ്റകൾക്ക് പുതിയ സ്ഥലംമാറ്റം നൽകിയത്. ചീറ്റകളുടെ പുതിയ വാസസ്ഥാനത്തെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെത്തിച്ച ചീറ്റകളെല്ലാം ആരോഗ്യത്തോടെ കഴിയുന്നതായും അദ്ദേഹം രാജ്യത്തെ അറിയിച്ചു.

'ഒരു നല്ല വാർത്ത! നിർബന്ധിത ക്വാറന്റൈന് ശേഷം, കുനോ ആവാസവ്യവസ്ഥയുമായി കൂടുതൽ പൊരുത്തപ്പെടുന്നതിന് രണ്ട് ചീറ്റകളെ വലിയൊരു ചുറ്റുപാടിലേക്ക് വിട്ടയച്ചിട്ടുണ്ട്. മറ്റുള്ളവയെ ഉടൻ വിട്ടയക്കും. എല്ലാ ചീറ്റകളും ആരോഗ്യത്തോടെ കഴിയുന്നു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ' പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

Great news! Am told that after the mandatory quarantine, 2 cheetahs have been released to a bigger enclosure for further adaptation to the Kuno habitat. Others will be released soon. I’m also glad to know that all cheetahs are healthy, active and adjusting well. 🐆 pic.twitter.com/UeAGcs8YmJ

— Narendra Modi (@narendramodi) November 6, 2022

അതേസമയം ചീറ്റകളിൽ രണ്ടെണ്ണത്തിനെ തുറന്ന് വിട്ടതിൽ മദ്ധ്യപ്രദേശ് വനം മന്ത്രി അസംതൃപ്തനാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വനം മന്ത്രി വിജയ് ഷായുടെ സാന്നിദ്ധ്യത്തിൽ ചീറ്റകളെ തുറന്ന് വിടാനായിരുന്നു തീരുമാനിച്ചത്. ഇതിനായി ഞായറാഴ്ച മന്ത്രി എത്തുമെന്ന് അറിയിച്ചു. എന്നാൽ ശനിയാഴ്ച വൈകുന്നേരത്തോടെ ഉദ്യോഗസ്ഥർ ചീറ്റയെ വിട്ടയച്ചതാണ് മന്ത്രിയെ അസ്വസ്ഥനാക്കിയത്.

ഇന്ത്യയിലേക്ക് കൊണ്ടു വന്ന എട്ട് ചീറ്റകളിൽ ആറെണ്ണമാണ് ഇനി ക്വാറന്റൈനായി നിർമ്മിച്ച ചെറിയ വേലിക്കെട്ടിനുള്ളിലുള്ളത്. ഇവയെ നിരീക്ഷിച്ച ശേഷം വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി വലിയ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിടും.


ഇവിടെ ചീറ്റകൾക്ക് വേട്ടയാടുന്നതിനായി പുള്ളിമാനുകളെ എത്തിക്കും. പ്രോജക്ട് ചീറ്റയുടെ ഭാഗമായി സെപ്തംബർ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുനോയിൽ തുറന്ന് വിട്ടത്. പ്രധാനമന്ത്രിയുടെ ജന്മദിനം കൂടിയായിരുന്നു ഈ ദിവസമെന്ന് പ്രത്യേകതയുമുണ്ട്.