
ചെന്നൈ : കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്‌ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ചാവേറായി എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപ് ചാവേർ ആക്രമണത്തിന് ഇറങ്ങിയവരെ അനുസ്മരിപ്പിക്കും വിധം ശരീരത്തിലെ രോമങ്ങൾ നീക്കിയിട്ടാണ് ജമേഷയും പൊട്ടിത്തെറിക്കാൻ കാറിൽ സ്‌ഫോടക വസ്തുക്കളുമായി എത്തിയത്. സ്‌ഫോടന സ്ഥലത്തുനിന്നു കണ്ടെടുത്ത ഇയാളുടെ ശരീരം ഷേവ് ചെയ്ത നിലയിലായിരുന്നു. ഈ വിവരങ്ങൾ അടങ്ങിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കോയമ്പത്തൂർ മെഡിക്കൽ കോളേജ് അധികൃതർ കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും കൈമാറി.
കോയമ്പത്തൂർ ടൗൺഹാളിന് സമീപം കോട്ടൈ ഈശ്വരൻ കോവിലിന് മുന്നിൽ പുലർച്ചെ അഞ്ചോടെ കാറിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർ ലക്ഷ്യമിട്ടത് രാജ്യത്ത് ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ ഭീകരാക്രമണമെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ചാവേറുകൾ ഷേവ് ചെയ്യുന്നതെന്തിന്
സ്വയം പൊട്ടിത്തെറിച്ച് മരണം ഏറ്റുവാങ്ങാനെത്തുന്ന ചാവേറുകൾ അങ്ങനെ ചെയ്യുന്നതിലൂടെ സ്വർഗ രാജ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് എത്തുന്നത്. മതഭ്രാന്തൻമാരുടെ വാക്കുകളിൽ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ടാണ് ചാവേറാകാൻ ഇറങ്ങി പുറപ്പെടുന്നത്. ചാവേറായി സ്വയം പൊട്ടിത്തെറിച്ച ശേഷം അവശിഷ്ടങ്ങളൊന്നും ബാക്കിയുണ്ടാവാത്തതിനാലാണ് ഷേവ് ചെയ്ത് ദേഹശുദ്ധി വരുത്തി ഇവർ ഇറങ്ങി പുറപ്പെടുന്നത്. . ജമ്മു കാശ്മീരിൽ ചാവേർ ബോംബർമാരെ ക്ലീൻ ഷേവ് ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള മിക്ക തീവ്രവാദ ഗ്രൂപ്പുകളും തങ്ങളുടെ ചാവേർ സ്വാഡിലുള്ളവർ പൊട്ടിത്തെറിക്കുന്നതിന് മുൻപേ ക്ലീൻ ഷേവ് ചെയ്യണമെന്ന് നിർബന്ധിക്കാറുണ്ട്.
ചില ചാവേറുകൾ അവർക്ക് ലഭിച്ച ദൗത്യത്തിന് മുൻപായി മുഴുവൻ മുടിയും ഷേവ് ചെയ്യും, ചർമ്മവും നഖങ്ങളും കഴുകി ശുദ്ധീകരിക്കുകയും, ചിലപ്പോൾ ഗുഹ്യഭാഗത്തെ മുടി ഷേവ് ചെയ്യുകയും ചെയ്യും. ഇതെല്ലാം മതവിശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്നതാണ്. ശരീരം രോമങ്ങൾ നീക്കി വൃത്തിയാക്കി യുദ്ധത്തിന് പോകുന്ന പതിവ് അഫ്ഗാനിസ്ഥാനിലെ പഷ്തൂൺ ഗോത്രങ്ങളിലും സ്വീകരിച്ച് പോരുന്നു. വ്യക്തിശുചിത്വം പാലിക്കുന്നതിനുള്ള ഒരു മാർഗമായാണ് മുടി നീക്കം ചെയ്യുന്നത്. അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ തകർത്ത 9/11 ആക്രമണത്തിന് ശേഷം ഭീകരനിൽ നിന്നും അമേരിക്കൻ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്ത 'ദി ലാസ്റ്റ് നൈറ്റ്' എന്ന് പേരിട്ട നാല് പേജുള്ള രേഖയിൽ ഇക്കാര്യങ്ങൾ വിശദമാക്കുന്നുണ്ട്.
അന്തർമുഖൻ, ഭാര്യയേയും കബളിപ്പിച്ചു
കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്‌ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ഭാര്യയെ തെറ്റിധരിപ്പിച്ചാണ് വീട്ടിൽ സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചതെന്ന് അന്വേഷണ സംഘം. സ്‌ഫോടക വസ്തുക്കൾ നിറച്ച പെട്ടികളിൽ പഴയ തുണികളാണ് എന്നാണ് ജമേഷ മുബിൻ ഭാര്യ നസ്രത്തിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഐസിസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര സ്വഭാവമുള്ള പുസ്തകങ്ങൾ വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇവ സ്‌ഫോടക വസ്തുക്കൾ നിർമിക്കാനുള്ള എഴുപത്തിയാറര കിലോഗ്രാം അസംസ്‌കൃത പദാർത്ഥങ്ങൾ കൂടാതെയുള്ള തൊണ്ടി മുതലുകളിൽപ്പെടുന്നു.
ബധിരയും മൂകയുമായ നസ്രത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എന്നാൽ, ഭർത്താവിന്റെ ഇത്തരം കാര്യങ്ങളെ കുറിച്ച് ഇവർക്കു കാര്യമായ വിവരമില്ലായിരുന്നുവെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. അന്തർ മുഖനായിരുന്ന ജമേഷ മുബിൻ മറ്റുള്ളവരോട് ഇടപഴകുന്നതും കുറവായിരുന്നു.
പെൻഡ്രൈവിൽ നൂറോളം വീഡിയോകൾ
ജമേഷ മുബീന്റെ വീട്ടിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിൽ പെൻഡ്രൈവ് പിടിച്ചെടുത്തു. ഐസിസ് പ്രചാരണ വീഡിയോകളാണ് പെൻഡ്രൈവിലുണ്ടായിരുന്നത്. ഇയാളുടെ കഴിഞ്ഞ നാല് വർഷത്തെ നീക്കങ്ങളും ഇയാൾ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നതും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പിടിച്ചെടുത്ത പെൻഡ്രൈവിൽ നൂറോളം വീഡിയോകളാണ് ഉള്ളത്. ഇതിൽ നാൽപതോളം വീഡിയോ ശ്രീലങ്കൻ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ സെഹ്രാൻ ബിൻ ഹാഷിമിന്റേതാണ്. 15ഓളം വീഡിയോ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും. ബാക്കി വീഡിയോ ഐസിസ് നടത്തിയ വീഡിയോകളുടേതാണെന്നും പൊലീസ് വ്യക്തമാക്കി. 2019ന് ശേഷം പെൻഡ്രൈവിൽ പുതി വീഡിയോ ചേർത്തിട്ടില്ല. 2019ലാണ് ജമേഷ മുബിനെ എൻ.ഐ.എ ചോദ്യം ചെയ്തത്. യുവാക്കൾക്കിടയിൽ ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുവെന്നും കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടെന്ന സംശയത്തെ തുടർന്നായിരുന്നു അന്ന് എൻ.ഐ.എ ചോദ്യം ചെയ്തത്.