
തിരുവനന്തപുരം: കത്ത് വിവാദത്തിൽ അടിയന്തര യോഗം വിളിച്ച് സി പി എം. നാളെ ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. വിവാദം നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കടുത്ത നടപടിയെടുത്തേക്കും.
അതേസമയം, കോർപറേഷനിലെ പ്രശ്നങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാനാണ് ബി ജെ പിയുടെ തീരുമാനം. നാളെ ഉച്ചയ്ക്ക് 35 കൗൺസിലർമാരും ഗവർണറെ നേരിട്ടു കാണുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു.
കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകുന്നത് പാർട്ടി നിർദേശപ്രകാരമെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രാവിലെ പ്രതികരിച്ചിരുന്നു. സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നത്. മേയറുടെ കത്ത് കൈയിൽ കിട്ടിയിട്ടില്ലെന്നും കത്ത് വ്യാജമാണോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തെഴുതിയിട്ടില്ലെന്ന് കാണിച്ച് മേയർ പാർട്ടിക്ക് വിശദീകരണം നൽകി. മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കാനാണ് ആര്യാ രാജേന്ദ്രന്റെ നീക്കം. കോർപറേഷനിൽ ഒഴിവുണ്ടെന്ന് അറിയിച്ചുകൊണ്ട്, പാർട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാൻ ലിസ്റ്റ് തേടി മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ ആനാവൂർ നാഗപ്പനയച്ച കത്ത് ആണ് വിവാദത്തിലായത്.