anne-jakapong-jakrajutati

20 മില്യൺ ഡോളറിന് ( 1,63,96,50,000 രൂപ) വിശ്വസുന്ദരി മത്സരത്തിന്റെ സംഘാടകരെ സ്വന്തമാക്കി തായ് മീഡിയ മാഗ്നേറ്റായ ട്രാൻസ്‌ജെൻഡർ യുവതി. ചരിത്രത്തിലാദ്യമായാണ് സൗന്ദര്യമത്സര സംഘടന ഒരു വനിതയുടെ ഉടമസ്ഥതയിലാവുന്നത്. ജെ കെ എൻ ഗ്ളോബൽ മീഡിയ പബ്ളിക് കമ്പനിയുടെ സിഇഒയായ അന്നെ ജക്കാപോംഗ് ജക്രജുതതിപ്പ് ആണ് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ വമ്പൻ സംഘടനകളിലൊന്നായ വിശ്വസുന്ദരി സംഘടനയെ സ്വന്തമാക്കിയത്.

തായ്‌ലൻഡിലെ പ്രശസ്‌ത റിയാലിറ്റി ഷോകളായ പ്രോജക്‌ട് റൺവേ, ഷാർക്ക് ടാങ്ക് എന്നിവയുടെ ഭാഗമായ താരമാണ് അന്നെ ജക്കാപോംഗ്. ലൈഫ് ഇൻസ്‌പയേർഡ് ഫോർ ദി തായ്‌ലൻഡ് ഫൗണ്ടേഷന്റെ സ്ഥാപകയായ അന്നെ തായ്‌ലൻഡിലെ ട്രാൻസ് വ്യക്തികളുടെ അവകാശങ്ങൾക്കും അന്തസിനുമായി പോരാടുന്ന സാമൂഹിക പ്രവർത്തക കൂടിയാണ്.

ബാംങ്കോക്കിൽ താമസമാക്കിയ ഒരു യാഥാസ്ഥിതിക ചൈനീസ് കുടുംബത്തിൽ ആൻഡ്രൂ എന്ന പേരിൽ ജനിച്ച അന്നെയുടെ കുട്ടിക്കാലം വളരെയധികം പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ബിരുദപഠനത്തിനായി ഓസ്‌ട്രേലിയയിലെ ബോണ്ട് സർവകലാശാലയിൽ പോയതിന് ശേഷമാണ് തന്റെ സ്വത്വം തിരിച്ചറിഞ്ഞ് കുടുംബത്തിന് മുന്നിൽ എത്താൻ സാധിച്ചതെന്ന് അന്നെ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 21ാം വയസിൽ സ്ത്രീകളുടെ വസ്ത്രമണിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്നെ പറഞ്ഞു. കുടുംബത്തിന് തന്റെ മാറ്റം ഒരിക്കലും അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. പിന്നീട് കുടുംബത്തിൽ സമാധാനം നിലനിർത്താൻ ആൺരൂപത്തിൽ തിരികെ പോകേണ്ടി വന്നതായും പതിനഞ്ച് വർഷം ഇത്തരത്തിൽ ജീവിതം തള്ളിനീക്കേണ്ടി വന്നതായും അന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റൽ ടെലിവിഷൻ, ഹോം വീഡിയോ, പബ്ലിഷിംഗ്, വീഡിയോ ഓൺ ഡിമാൻഡ് തുടങ്ങിയ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉള്ളടക്കം നൽകുന്ന ജെ കെ എൻ ഗ്ലോബൽ ഗ്രൂപ്പ് പബ്ലിക് കമ്പനി ലിമിറ്റഡിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് അന്നെ ഇന്ന്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ മൂന്നാം സ്ഥാനത്താണ് അന്നെ. 210 മില്ല്യൻ ഡോളറാണ് അന്നെയുടെ ആസ്തി. വിശ്വസുന്ദരി സംഘടന സ്വന്തമാക്കിയതോടെ അന്നെയുടെ കമ്പനിയുടെ നിക്ഷേപങ്ങൾ 25 ശതമാനം വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. തായ് ടെലിവിഷനിൽ ഇന്ത്യൻ പരമ്പരകൾ എത്തിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ കൂടിയാണ് അന്നെ. 'ഇന്ത്യൻ കണ്ടന്റിന്റെ രാജ്ഞി' എന്നും ഇക്കാരണത്താൽ അന്നെ വിശേഷിപ്പിക്കപ്പെടുന്നു.