
കോതമംഗലം: ഒരു കാടിളകി വരുന്നുണ്ടല്ലോ എന്ന് കല്യാണചെക്കന്റെ അച്ഛൻ അമ്പരക്കുന്നുണ്ട് 'ഈ പറക്കും തളിക' എന്ന സിനിമയിലെ നായകന്റെ അലങ്കരിച്ച ബസ് കണ്ട്. ഏതാണ്ട് ഇതുപോലെ നാട്ടുകാരെയാകെ അമ്പരപ്പിക്കുന്ന ഒരു കല്യാണവണ്ടി റോഡിലിറങ്ങി, എറണാകുളം ജില്ലയിൽ. കല്യാണവണ്ടി ഒരു കെഎസ്‌ആർടിസി ബസായിരുന്നു എന്ന് മാത്രം.

കെഎസ്‌ആർടിസി കോതമംഗലം ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചർ ബസാണ് കല്യാണ ഓട്ടത്തിനായി നെല്ലിക്കോട് സ്വദേശി റമീസ് എന്നയാൾ വാടകയ്‌ക്കെടുത്തത്. നെല്ലിക്കുഴി മുതൽ ഇരുമ്പുപാലം വരെ പോയ ബസിൽ നിറയെ ഇലകളും മരച്ചില്ലകളും കമ്പും വച്ചുകെട്ടി. എന്തിന് പറയുന്നു താമരാക്ഷൻ പിളള എന്ന് ബസിന് പേരും മാറ്റിയ ശേഷം മുന്നിൽ അർജന്റീനയുടെ ഒരു കൊടിയും കെട്ടി, ചിലർ ബ്രസീലിന്റെ കൊടിയും കെട്ടി. കെഎസ്‌ആർടിസി എന്നെഴുതിയ ഭാഗം മറച്ചാണ് താമരാക്ഷൻ പിളള എന്ന സ്‌റ്റിക്കർ ഒട്ടിച്ചത്. സംഭവം വിവാദമായതോടെ കോതമംഗലം ഡിപ്പോ അധികൃതർ പ്രതികരിച്ചിട്ടുണ്ട്. തങ്ങൾ വാഹനം മാത്രമാണ് നൽകിയതെന്നും അലങ്കാരമെല്ലാം വാടകയ്‌ക്കെടുത്തവർ ചെയ്‌തതാണെന്നുമാണ് അധികൃതർ അറിയിക്കുന്നത്.
നെല്ലിക്കോട് സ്വദേശിയും സുഹൃത്തുമായ മാഹീന്റെ കല്യാണത്തിന് വേണ്ടിയാണ് ബസ് വാടകയ്‌ക്കെടുത്തതെന്ന് റമീസ് പറഞ്ഞു. കെഎസ്‌ആർടിസി അധികൃതർക്കോ മാഹീനോ ബസിൽ അലങ്കാരം നടത്തിയതുമായി ബന്ധമില്ല. തങ്ങൾ തന്നെയാണ് ബസിൽ അലങ്കാരം നടത്തിയത്. ഇത് കണ്ട ഡ്രൈവർ അനുവദിക്കില്ല എന്ന് പറഞ്ഞതാണ്. എന്നാൽ തങ്ങളുടെ നിർബന്ധം കൊണ്ടാണ് ബസ് ഓടിയതെന്നും റമീസ് പ്രതികരിച്ചു. ഇരുമ്പുപാലത്തിൽ ഇറക്കിയ ശേഷം ബസ് തിരികെ പോയി. പിന്നീട് മറ്റ് വണ്ടി പിടിച്ചാണ് പോയത്. അലങ്കാരം വൈറലായെന്ന് അറിഞ്ഞതോടെ നേര്യമംഗലത്ത് വച്ചുതന്നെ സ്‌റ്റിക്കറും അലങ്കാരങ്ങളും അഴിച്ചുമാറ്റിയിരുന്നു. മാഹീന് സർപ്രൈസ് നൽകാനാണ് കെഎസ്‌ആർടിസി ബസ് ഇങ്ങനെ അലങ്കരിച്ചതെന്നും റമീസ് അറിയിച്ചു. അതേസമയം സ്വകാര്യ ബസുകൾക്ക് നേരെ കടുത്ത നടപടിയെടുക്കുന്ന സർക്കാർ ഇത് കണ്ടില്ലേ എന്ന് ചിലർ വിമർശിക്കുന്നുണ്ട്. എംവിഡിയുടെ ശ്രദ്ധയിൽപെട്ടില്ലേ എന്നും ഇവർ ചോദിക്കുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.