sudakaran

തിരുവനന്തപുരം: കത്ത് വിവാദത്തിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. മേയർ ആര്യാരാജേന്ദ്രൻ രാജിവയ്ക്കണമെന്നും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


'മേയർ ആര്യാ രാജേന്ദ്രന്റേത് ഗുരുതര വീഴ്ച. സി പി എം ന്യായീകരിക്കുകയാണ്. തെറ്റുപറ്റിയെങ്കിൽ സമൂഹത്തോട് മാപ്പ് പറയണം. അല്ലെങ്കിൽ ഇറങ്ങിപ്പോകണം.'- സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബാലിശമായ വിശദീകരണമാണ് മേയർ നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം നേതാക്കൾ കാടുവെട്ടുമ്പോൾ കുറ്റിക്കാട് മാത്രമാണ് മേയർ വെട്ടിയതെന്നും സുധാകരൻ പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ഒഴിവുണ്ടെന്ന് അറിയിച്ചുകൊണ്ട്, പാർട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാൻ ലിസ്റ്റ് തേടി മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ ആനാവൂർ നാഗപ്പനയച്ച കത്ത് ആണ് വിവാദത്തിലായത്.