
തിരുവനന്തപുരം: മേയറുടെ നിയമന കത്ത് വിവാദത്തിലും വിഴിഞ്ഞം സമരവിരുദ്ധ പ്രക്ഷോഭത്തിൽ ബിജെപിക്കൊപ്പം അണിനിരന്നതിലും വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കത്ത് വിവാദത്തിൽ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് മേയർ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ അറിയിച്ചു. സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിയോട് വിശദീകരണം നൽകിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കത്തെഴുതിയിട്ടില്ലെന്നും കത്ത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് മേയർ വിശദീകരിച്ചു. വിഷയത്തിൽ ആഭ്യന്തര വകുപ്പ് അടക്കം വേണ്ടപരിശോധന നടത്തട്ടെ. പിൻവാതിൽ വഴി നിയമനം സിപിഎമ്മിന്റെയോ ഇടത് മുന്നണിയുടെയോ രീതിയല്ലെന്നും എം.വി ഗോവിന്ദൻ ചോദ്യങ്ങളോട് പ്രതികരിച്ചു.
295 പേർക്ക് എംപ്‌ളോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴി ജോലി കൊടുക്കുമെന്ന് മന്ത്രി എം.ബി രാജേഷ് തന്നെ പറഞ്ഞിട്ടുണ്ട്. കത്ത് തയ്യാറാക്കുന്നവരുണ്ടെങ്കിൽ അവരെ കണ്ടെത്തട്ടെ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വിരമിക്കൽ പ്രായ വിഷയത്തിൽ മുഖ്യമന്ത്രി തീരുമാനമെടുത്തതായി അറിയിച്ച അദ്ദേഹം വിഴിഞ്ഞം സമരത്തിൽ ബിജെപിക്കൊപ്പം സിപിഎം പങ്കെടുത്തതിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ജനകീയ സമരങ്ങളിലെവിടെയും പാർട്ടി പങ്കെടുക്കുമെന്നും അറിയിച്ചു.
ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സൂചിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ഗവർണറെ നിയമപരമായും ഭരണഘടനാപരമായും നേരിടുമെന്നും അറിയിച്ചു. സർക്കാരിനെതിരെ ഏതറ്റംവരെയും പോകുന്ന നിലപാടാണ് ഗവർണറുടേത്. അതുകൊണ്ട് ഗവർണക്കെതിരെ ഏതറ്റംവരെ പോകാമോ ആ അറ്റംവരെ പോകാമെന്ന നിലപാടാണ് പാർട്ടിയ്‌ക്ക്. ജനങ്ങളെ മുൻനിർത്തി ഗവർണക്കെതിരെ കൂട്ടായ്‌മയ്‌ക്ക് ശ്രമിക്കും. കോൺഗ്രസും ബിജെപിയും മറ്റ് വർഗീയ കക്ഷികളും ഇടത് പക്ഷത്തിനും സർക്കാരിനുമെതിരെ ബിജെപി അജണ്ട നടപ്പാക്കാൻ ഗവർണർക്ക് അനുകൂലമായി നിൽക്കുകയാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കം ഗവർണർക്കായി വാദിക്കുന്നു.
ഇടത്പക്ഷ ബദലുയർത്തുന്ന സർക്കാരാണ് സംസ്ഥാനത്തേത്. ബിജെപിയിതര സർക്കാരുകളെ ദുർബലപ്പെടുത്തുന്ന ശ്രമമാണ് രാജ്യത്തുളളത്. ഗവർണറെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അഭിപ്രായപ്പെട്ട എം.വി ഗോവിന്ദൻ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നവംബർ 15ന് രാജ്‌ഭവൻ മാർച്ച് നടത്തുമെന്നും പറഞ്ഞു.