
രൺബീർ കപൂർ - ആലിയ ഭട്ട് താരദമ്പതികൾക്ക് കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആലിയ പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കുഞ്ഞ് പിറന്ന വിവരം ആലിയ ഭട്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. സിംഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ടാണ് തങ്ങളുടെ മാലാഖയെത്തിയ വാർത്ത താരദമ്പതികൾ പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന് താഴെ ദീപിക പദുക്കോൺ, കത്രീന കൈഫ്, സോനം കപൂർ അടക്കം നിരവധി പേരാണ് ആശംസയറിയിക്കുന്നത്. നടിയെ ഇന്ന് രാവിലെയാണ് മുംബയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഏപ്രിലിലാണ് ആലിയയും രൺബീറും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ ജൂൺ 27നാണ് താൻ ഗർഭിണിയാണെന്ന വിവരം നടി ആരാധകരെ അറിയിച്ചത്.