
മുംബയ് : മഹാരാഷ്ട്രയിലെ പ്രശസ്തമായ ജെജെ ഹോസ്പിറ്റലിലെ ഒരു വാർഡിന്റെ താഴെയായി 200 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തി. മുംബയിലെ ഈ സർക്കാർ ആശുപത്രി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. ഉദ്ദേശം 132 വർഷം പഴക്കമുള്ള കെട്ടിടത്തിൽ തുരങ്കം കണ്ടെത്തിയത് ഇപ്പോൾ മാത്രമാണ് എന്നതാണ് അദ്ഭുതപ്പെടുത്തുന്ന വസ്തുത. ചോർച്ചയെ തുടർന്നുള്ള പരിശോധനയിലാണ് ആശുപത്രിയോട് ചേർന്നുള്ള നഴ്സിംഗ് കോളേജ് കെട്ടിടം എൻജിനീയർമാർ പരിശോധിച്ചത്.
പിഡബ്ല്യുഡി എൻജിനീയർമാരും സെക്യൂരിറ്റി ഗാർഡുകളും ചേർന്ന് കെട്ടിടത്തിൽ സർവേ നടത്തിയപ്പോഴാണ് 132 വർഷം പഴക്കമുള്ള തുരങ്കം കണ്ടെത്തിയത്. ഈ തുരങ്കത്തിന്റെ ഒരറ്റം അടച്ചിരിക്കുന്ന നിലയിലാണ്. അതിനാൽ ഇത് എവിടെ ചെന്ന് ചേരുമെന്ന് കണ്ടെത്താനായില്ല. റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ അരുൺ റത്തോഡാണ് ഈ വിവരം വാർത്താ ഏജൻസിയുമായി പങ്കുവച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പരിശോധനാ കേന്ദ്രമാണ് കെട്ടിടത്തിലുണ്ടായിരുന്നത്. പിന്നീടാണ് ഇത് നഴ്സിംഗ് കോളേജാക്കി മാറ്റിയത്.
കണ്ടെത്തിയ തുരങ്കത്തിന് 4.5 അടി ഉയരമുണ്ട്. നിരവധി ഇഷ്ടിക തൂണുകളാണ് തുരങ്കത്തിന് ബലം നൽകുന്നത്. കല്ലുകൊണ്ടുള്ള ഭിത്തിയാലാണ് തുരങ്കം ഒരു വശത്ത് അടച്ചിരിക്കുന്നത്. എന്നാൽ തുരങ്കം കണ്ടെത്തിയ ആശുപത്രി കെട്ടിടത്തിന് സമാനമായ ഘടനയാണ് അടുത്തുള്ള മറ്റൊരു ബ്രിട്ടീഷ് കാലത്തെ നിർമ്മിതിക്കുമുള്ളതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ഇതും പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ഈ രണ്ട് കെട്ടിടങ്ങളെയും തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അനുമാനമുണ്ട്. 1,19,351 രൂപയ്ക്കാണ് തുരങ്കം കണ്ടെത്തിയ കെട്ടിടം നിർമ്മിക്കപ്പെട്ടത്. 1892 മാർച്ച് 15 നായിരുന്നു ഉദ്ഘാടനം നടന്നത്.