
മലപ്പുറം: ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടയിൽ ഒടിഞ്ഞുവീണു. മലപ്പുറം എടക്കര മുണ്ടയിലാണ് സംഭവം. അറുപത്തിയഞ്ചടി ഉയരമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. ഈ സമയം പ്രദേശത്തെ അർജന്റീന ആരാധകരെല്ലാം സ്ഥലത്തുണ്ടായിരുന്നു.
ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഈ കട്ടൗട്ട് തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കട്ടൗട്ട് തകർന്നുവീണതോടെ ആരാധകർ ഓടിമാറുകയായിരുന്നു. തകർന്നുവീണ കട്ടൗട്ട് ശരിയാക്കി എത്രയും വേഗം സ്ഥാപിക്കുമെന്ന് ആരാധകർ പറയുന്നത്. കഴിഞ്ഞ ലോകകപ്പിൽ പ്രദേശത്ത് മെസിയുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരുന്നു.
അതേസമയം, കോഴിക്കോട് കൊടുവള്ളിക്ക് സമീപം പുള്ളാവൂരിലെ ചെറുപുഴയിലെ കുറുങ്ങാട്ടുകടവിൽ ആരാധകർ സ്ഥാപിച്ച മെസിയുടെ ചിത്രം വൈറലായിരുന്നു. 30 അടി ഉയരമുള്ള കട്ടൗട്ടായിരുന്നു ആരാധകർ സ്ഥാപിച്ചത്. ഇതിനുപിന്നാലെ പുഴയിൽ ബ്രസീൽ താരം നെയ്മറുടെ കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു.
പുഴയിലെ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗല പഞ്ചായത്ത് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് തടസപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കട്ടൗട്ടുകൾ എടുത്ത് മാറ്റാൻ നിർദേശം നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂർ പ്രതികരിച്ചിരുന്നു.
ജനങ്ങളുടെ വികാരത്തിനൊപ്പമേ പഞ്ചായത്തിന് നിൽക്കാൻ കഴിയൂ. പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും സത്യമാണ്. എന്നാൽ കട്ടൗട്ട് എടുത്ത് നീക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.