
തിരുപ്പതി: ഇന്ത്യയിലെ ഏറ്രവും പ്രശസ്തവും സമ്പന്നവുമായ തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങളുടെ പ്രഖ്യാപനം നടത്തി ക്ഷേത്ര ട്രസ്റ്രായ തിരുമല തിരുപ്പതി ദേവസ്ഥാനം(ടി.ടി.ഡി). സ്ഥിര നിക്ഷേപങ്ങളും സ്വർണ്ണ നിക്ഷേപങ്ങളും ഉൾപ്പെടെയുള്ള ആസ്തിയുടെ വിവരങ്ങളാണ് ധവളപത്രത്തിലൂടെ പുറത്തുവിട്ടത്. ക്ഷേത്രത്തിന്റെ മൊത്തം ആസ്തി 2.26 ലക്ഷം കോടിയാണ്. സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി പ്രഖ്യാപിക്കുന്നത്.
ദേശസാത്കൃത ബാങ്കുകളിൽ 5,300 കോടി രൂപയിലധികം മൂല്യമുള്ള 10.3 ടൺ സ്വർണ്ണ നിക്ഷേപമുണ്ടെന്നും 15,938 കോടിയുടെ നിക്ഷേപമുണ്ടെന്നും ട്രസ്റ്റ് അറിയിച്ചു. മിക്ക സ്വത്തുക്കളും പുരാതനമായവയായതിനാൽ വില മതിക്കാനാവാത്തതാണ്. 2019ൽ വിവിധ ബാങ്കുകളിലായി നിക്ഷേപം 13,025 കോടിയായിരുന്നെന്നും അത് ഇപ്പോൾ 15,938 കോടിയായി ഉയർന്നെന്നും ടി.ടി.ഡി എക്സിക്യൂട്ടിവ് ഒഫീസർ എ.വി. ധർമ്മ റെഡ്ഢി പറഞ്ഞു. നിലവിലെ ട്രസ്റ്ര് ബോർഡ് 2019 മുതൽ നിക്ഷേപ മാർഗ നിർദ്ദേശങ്ങൾ ശക്തിപ്പെടുത്തിയതായും ട്രസ്റ്റ് അറിയിച്ചു.
ആന്ധ്രാപ്രദേശ് സർക്കാരിന്റെ സെക്യൂരിറ്റികളിൽ മികച്ച ഫണ്ട് നിക്ഷേപിക്കാൻ തീരുമാനിച്ചെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ ട്രസ്റ്റ് നിഷേധിച്ചു. വിവിധ ബാങ്കുകളിൽ ടി.ടി.ഡി നടത്തുന്ന പണ-സ്വർണ്ണ നിക്ഷേപങ്ങൾ സുതാര്യമായ രീതിയിലാണ് നടക്കുന്നത്. ഇന്ത്യയിലുടനീളം 960 സ്ഥലങ്ങളിലായി 7,123 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വസ്തുക്കളും പട്ടികയിൽ ഉൾപ്പെടുന്നു.