dog

മീററ്റ് : സ്ഥിരമായി ആഹാരം നൽകി പോറ്റിയിരുന്ന തെരുവുനായയുടെ ദാരുണാന്ത്യത്തിൽ വിഷമിച്ച് 19കാരി ആത്മഹത്യ ചെയ്തു. മീററ്റ് സ്വദേശിനിയായ ഗൗരിയാണ് വാട്ടർ ടാങ്കിൽ നിന്ന് ചാടി മരിച്ചത്. വളർത്തുമൃഗങ്ങളെ ഏറെ ഇഷ്ടമായിരുന്ന ഗൗരി അലഞ്ഞു തിരിയുന്ന തെരുവ് നായകൾക്കായി പതിവായി ആഹാരം നൽകുമായിരുന്നു. അത്തരത്തിൽ ഏറെ നാളായി പോറ്റിയിരുന്ന നായയാണ് വാഹനം ഇടിച്ച് ചത്തത്. ഇത് സഹിക്കാനാവാതെയാണ് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പെൺകുട്ടി ആത്മഹത്യ ചെയ്തത്. കങ്കർഖേര ഏരിയയിലെ ശ്രദ്ധാപുരി കോളനിയിലാണ് ഗൗരി താമസിച്ചിരുന്നത്.

മുംബയിലെ പ്രശസ്ത കോളേജിൽ അഡ്മിഷൻ ശരിയായിരുന്ന ഗൗരി വ്യാഴാഴ്ച വൈകിട്ട് നടക്കാനിറങ്ങിയപ്പോഴാണ് തെരുവ് നായ പിരക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അതിനെ വീട്ടിലേക്ക് കൊണ്ടു വരുകയും, വൈദ്യ ശുശ്രൂഷയ്ക്കുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. എന്നാൽ നായ താമസിയാതെ ചത്തു.

അസ്വസ്ഥയായ ഗൗരി അത്താഴം കഴിക്കാൻ വിസമ്മതിച്ചു. തൊട്ടടുത്ത ദിവസം വീട്ടിനടുത്തുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറി താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തങ്ങൾക്ക് പരാതിയില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം അറിയിച്ചത്.