
അഡ്ലെയ്ഡ്: ഇന്നലെ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ ആദ്യ മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലൻഡ്സ് നൽകിയത് ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റായിരുന്നു. സെമി കാണാതെ നേരത്തേ തന്നെ പുറത്തായ നെതർലൻഡ്സ് പോകുന്ന പോക്കിൽ സിംബാബ്‌വെയ്ക്ക് പണികൊടുത്തപോലെ അവസാന മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയുടേയും കഥകഴിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായിരുന്ന ദക്ഷിണാഫ്രിക്ക പതിവ് പോലെ ലോകകപ്പിലെ നിർണായക സമയത്ത് പടിക്കൽ കലമുടക്കുകയായിരുന്നു.
ശക്തരായ എതിരാളികളെ വരച്ചവരയിൽ നിറുത്തിയ ഓറഞ്ച് പട 13 റൺസിനാണ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് അഡ്‌ലെയ്ഡിൽ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് 158 റൺസാണ്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 8 വിക്കറ്ര് നഷ്ടത്തിൽ 145 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.
വമ്പൻമാർ അണിനിരന്ന ദക്ഷിണാഫ്രിക്കൻ ബാറ്രിംഗ് നിരയെ വരിഞ്ഞുമുറുകിയ നെതർലൻഡ്സ് ബൗളർമാർ ഡെത്ത് ഓവറിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നെതർലൻഡ്സിനായി ബ്രാൻഡൻ ഗ്ലോവർ മൂന്നും ഫ്രെഡ് ക്ലാസ്സൻ, ബാസ് ഡി ലീഡെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 25 റൺസ് നേടിയ റിലീ റോസ്സോവാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
നേരത്തേ അവസാന ഓവറുകളിൽ ആഞ്ഞടിച്ച കോളിൻ അക്കർമാന്റെ (പുറത്താകാതെ 26 പന്തിൽ 41) വെടിക്കെട്ട് ബാറ്റിംഗാണ് നെതർലൻഡ്സിനെ 150 കടത്തിയത്. 3 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് കളിയിലെ താരമായ അക്കർമാന്റെ ഇന്നിംഗ്സ്. ടോം കൂപ്പർ (19 പന്തിൽ 35), സ്റ്റെഫാൻ മൈബുർഗ് (30 പന്തിൽ 37), മാക്സ് ഒ ഡൊവ്ഡ് (29) എന്നിവരും തിളങ്ങി. കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.