aaron

ലോസ്ആഞ്ചലസ് : അമേരിക്കൻ പോപ് ഗായകനും റാപ്പറുമായ ആരോൺ കാർട്ടറെ (34) മരിച്ച നിലയിൽ കണ്ടെത്തി. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 11 മണിയോടെ കാലിഫോർണിയയിലെ ലാൻകാസ്റ്ററിലുള്ള വസതിയിലെ ബാത്ത്‌ ടബിലാണ് ആരോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രശസ്ത അമേരിക്കൻ ബാൻഡായ ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിലെ ഗായകനായ നിക്ക് കാർട്ടറുടെ ഇളയ സഹോദരനാണ് ആരോൺ. മരണ കാരണം വ്യക്തമല്ല.

1987 ഡിസംബർ 7ന് ഫ്ലോറിഡയിലെ റ്റാംബയിൽ ജനിച്ച ആരോൺ ഏഴാം വയസുമുതൽ സംഗീത വേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 1997ൽ പുറത്തിറങ്ങിയ 'ആരോൺ കാർട്ടർ" ആയിരുന്നു ആദ്യ സ്റ്റുഡിയോ ആൽബം. ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

' ഐ വാണ്ട് കാൻഡി ",​ 'ആരോൺസ് പാർട്ടി (കം ഗെറ്റ് ഇറ്റ് )​",​ ' ക്രഷ് ഓൺ യു" തുടങ്ങിയ ആരോണിന്റെ പോപ് ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. വിഷാദമുൾപ്പെടെയുള്ള മാനസികാവസ്ഥകൾ താൻ നേരിട്ടുണ്ടെന്ന് ആരോൺ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.