kulkarni

മൈസൂരു: റോഡപകടത്തിൽ മരിച്ചതെന്ന് കരുതിയ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി ) മുൻ ഉദ്യോഗസ്ഥൻ ആർ.കെ. കുൽക്കർണിയെ (82) കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ ലഭി​ച്ചു.നമ്പർ പ്ലേറ്റില്ലാത്ത കാർ അദ്ദേഹത്തെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോവുകയായി​രുന്നു.

വെള്ളിയാഴ്ച വൈകി​ട്ട് അഞ്ചരയോടെയാണ് മൈസൂർ യൂണിവേഴ്സിറ്റി കാമ്പസിന് സമീപം സായാഹ്ന സവാരിക്കിടെയാണ് കൊലപാതകം. പ്രതി​കളെക്കുറി​ച്ച് സൂചന കിട്ടിയെന്ന് പൊലീസ് അറി​യി​ച്ചു.

സാധാരണ അപകടമെന്നാണ് പൊലീസ് ആദ്യം കരുതിയത്. തൊട്ടടുത്ത കെട്ടി​ടത്തി​ലെ സി.സി ടിവിയി​ലെ ദൃശ്യങ്ങളാണ് നിർണായക തെളിവായത്. റോഡി​രി​കി​ലൂടെ നടന്ന കുൽക്കർണി​യെ കാർ ഇടിച്ച് തെറി​പ്പിക്കുന്നതും പാഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ആസൂത്രിത കൊലപാതകമാണെന്ന് മൈസൂരു പൊലീസ് കമ്മി​ഷണർ ചന്ദ്രഗുപ്ത പറഞ്ഞു. 'നാലുചക്ര വാഹനങ്ങൾ വിരളമായി പോകുന്ന ഇടുങ്ങിയ റോഡിലാണ് സംഭവം. പ്രതികൾ കാത്തി​രുന്ന് കുൽക്കർണിയെ ഇടിച്ചി​ട്ടതാണെന്നാണ് അത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാർ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചാരനിറമുള്ള ഹോണ്ട സിറ്റി കാറിന്റെ വലത് മിറർ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

കാമ്പസിൽ കാറിലെത്തിയ കുൽക്കർണി ഡ്രൈവറോട് കാർ പാർക്ക് ചെയ്ത് കാത്തിരിക്കാൻ പറഞ്ഞ ശേഷമാണ് നടക്കാൻ പോയത്. കുൽക്കർണി റോഡിൽ വീണ് കിടക്കുന്നതായി ചിലർ അറിയിച്ചതനുസരിച്ച് ഡ്രൈവർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

23 വർഷം മുമ്പാണ് കുൽക്കർണി വിരമിച്ചത്. ക്രിക്കറ്ററും പൈലറ്റുമായിരുന്നു. മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഫേസറ്റ്സ് ഒഫ് ടെററിസം ഇന്ത്യ എന്ന പുസ്‌തകം 2019ൽ പ്രതിരോധമന്ത്രിയായിരുന്ന നിർമ്മല സീതാരാമനാണ് പ്രകാശനം ചെയ്തത്.

ഭാര്യ വത്സല. വിദേശതിതുള്ള മകനും മകളും എത്തിയ ശേഷം സംസ്കാരം ഇന്ന് നടക്കും.