
ആധുനിക കേരളത്തിന്റെ ഗതിവിഗതികൾ രൂപപ്പെടുത്തുകയും സാമൂഹിക രംഗത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്ത മഹാനായ ആർ.ശങ്കറിന്റെ വേർപാടിന് അരനൂറ്റാണ്ട് തികയുകയാണ്. പ്രതിഭാധനനായ രാഷ്ട്രീയ നേതാവും കഴിവുറ്റ സംഘാടകനും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ സർവതോന്മുഖമായ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച സമുന്നത വ്യക്തിത്വത്തിനുടമയുമായ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും സൂര്യശോഭയോടെ നിലനിൽക്കുന്നു. അധികാരം സവർണന്റെ കുത്തകയെന്ന സങ്കല്പത്തെ ധിഷണാപരമായ നേതൃപാടവവും ചടുലമായ പ്രവർത്തനശൈലിയും കൊണ്ട് നേരിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം വരെയെത്തിയ ആദ്യ പിന്നാക്കക്കാരൻ. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് സ്വതന്ത്രരാകാനും അരുളിച്ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ആശയങ്ങൾ പ്രായോഗിക തലത്തിലെത്തിച്ച ക്രാന്തദർശി. സാമൂഹിക നവോത്ഥാനത്തിന്റെ പ്രോജ്ജ്വലമായ കിരണങ്ങൾ കേരളത്തിലെ പിന്നാക്കക്കാരന് അനുഭവവേദ്യമാക്കിയ മഹാനായിരുന്നു ആർ.ശങ്കർ. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുഴിക്കലിടവക ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങൾ താണ്ടി പടിപടിയായി കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെ എത്തിയ കർമ്മയോഗി.
നിയമബിരുദം നേടി 1936 മുതൽ കൊല്ലത്ത് ടി.എം.വർഗീസിന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചതാണ് ശങ്കറിന് പൊതുപ്രവർത്തന രംഗത്തേക്കുള്ള വഴിതുറന്നത്.
1937 ൽ സംയുക്ത രാഷ്ട്രീയ മഹാജനസഭയുടെ സ്ഥാനാർത്ഥിയായി ടി.എം. വർഗീസ് പത്തനംതിട്ടയിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രചാരണ ചുമതലക്കാരനായി.ടി.എം.വർഗീസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പിന്നീട് പട്ടം താണുപിള്ള പ്രസിഡന്റായി രൂപീകരിച്ച തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ടി.എം വർഗീസിനൊപ്പം ശങ്കറും അംഗമായി. സർ സി.പി, സ്റ്റേറ്റ് കോൺഗ്രസിനെ നിരോധിച്ചപ്പോൾ പൂജപ്പുര ജയിലിലായ ശങ്കർ 18 മാസങ്ങൾക്ക് ശേഷമാണ് മോചിതനായത്. വീണ്ടും നേതാക്കളെല്ലാം അറസ്റ്റിലായപ്പോൾ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ 18 മാസത്തെ ജയിൽവാസം. മഹാകവി കുമാരനാശാന്റെ കവിതകൾ പാടി സഹതടവുകാരെ രസിപ്പിക്കുന്ന ശങ്കറെക്കുറിച്ച് കുമ്പളത്ത് ശങ്കുപ്പിള്ള അദ്ദേഹത്തിന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തോളം ജയിലിൽ കഴിഞ്ഞ 'കേരളകൗമുദി" പത്രാധിപർ കെ.സുകുമാരനും ശങ്കറിന്റെ തലയെടുപ്പോടെയുള്ള നടത്തത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ജയിൽമോചിതനായ ശേഷം കോൺഗ്രസിൽ കൂടുതൽ സജീവമായി.1960 ൽ കോൺഗ്രസ് നേതൃത്വത്തിൽ രൂപീകരിച്ച ജനാധിപത്യ ഐക്യം അധികാരത്തിലെത്തി. കെ.പി.സി.സി പ്രസിഡന്റായിരുന്ന ശങ്കറിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ കോൺഗ്രസ് മത്സരിച്ച 80 ൽ 63 സീറ്റും നേടി. മുന്നണിക്ക് 94 സീറ്റ് ലഭിച്ചു. കണ്ണൂരിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ശങ്കർ മുഖ്യമന്ത്രിയാകുമെന്നാണ് കരുതിയതെങ്കിലും സവർണവിഭാഗം, മുന്നണിയിൽ വെറും 18 സീറ്റ് മാത്രം ഉണ്ടായിരുന്ന പി.എസ്.പി നേതാവ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാൻ നടത്തിയ കരുനീക്കം വിജയിച്ചു.18 പേരുടെ പിന്തുണയുള്ള പട്ടം മുഖ്യമന്ത്രിയും 63 എം.എൽ.എ മാരുള്ള കോൺഗ്രസ് നേതാവ് ആർ. ശങ്കർ ഉപമുഖ്യമന്ത്രിയുമായി. ഒരു പിന്നാക്കക്കാരൻ മുഖ്യമന്ത്രിയാകുന്നതിൽ സവർണലോബിക്കുള്ള എതിർപ്പായിരുന്നു അസാധാരണമായ നീക്കത്തിനു പിന്നിൽ. പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണറാക്കിയപ്പോൾ ശങ്കർ മുഖ്യമന്ത്രിയായെങ്കിലും 1962 സെപ്തംബർ 26 മുതൽ 1964 സെപ്തംബർ 10 വരെ മാത്രമേ ആ സ്ഥാനത്ത് തുടരാനായുള്ളൂ. കോൺഗ്രസിലെ തമ്മിലടിയിൽ മന്ത്രിസഭ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുകയും ശങ്കറിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. അതോടെ രാഷ്ട്രീയം വിട്ട് എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും പ്രവർത്തനങ്ങളിൽ സജീവമായി.
യോഗത്തിന്റെയും ട്രസ്റ്റിന്റെയും അഭൂതപൂർവമായ വളർച്ചയിൽ ശങ്കറിന്റെ സംഭാവനകൾ അനുപമമാണ്. ശ്രീനാരായണ ട്രസ്റ്റ് സ്ഥാപിച്ച് അതുവരെ തൊട്ടുകാണിക്കാൻ പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലാതിരുന്ന സമുദായത്തെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ഭൂപടത്തിൽ അതിപ്രധാനമായ സ്ഥാനത്തെത്തിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യസത്തമനായ ശങ്കർ, ഗുരുവിന്റെ പേരിൽ കൊല്ലത്ത് ആദ്യ ശ്രീനാരായണ കോളേജ് സ്ഥാപിച്ചു. തുടർന്ന് ആ നാമത്തിൽ നിരവധി കോളേജുകൾ. സാക്ഷരതയിലും സാമൂഹികമായും ഏറെ പിന്നിൽനിന്ന ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായിരുന്നു അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം. യോഗം ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കുമ്പോൾ സമുദായത്തിന് ഏതാനും മിഡിൽ സ്കൂളുകൾ മാത്രമാണുണ്ടായിരുന്നത്. ഇതരസമുദായങ്ങൾക്ക് ഹൈസ്കൂളുകളും കോളേജുകളും അടക്കം ഒട്ടേറെ സ്ഥാപനങ്ങളുണ്ടായിരുന്നു. കൊല്ലത്ത് ആദ്യ എസ്.എൻ.കോളേജ് യാഥാർത്ഥ്യമാക്കിയതിന് പിന്നാലെ വനിതാ കോളേജും സ്ഥാപിച്ചു. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനുണ്ടായിരുന്ന അധികാരം ഉപയോഗിച്ച് വിവിധ ഭാഗങ്ങളിലായി എസ്.എൻ കോളേജുകൾ സ്ഥാപിച്ചു. ഒന്നുമില്ലാതിരുന്ന സമുദായത്തിന് 12 കോളേജുകൾ ലഭിച്ചതോടെ വിമർശനങ്ങൾ പല കോണുകളിൽ നിന്നുയർന്നു.
'മറ്റു സമുദായക്കാർക്ക് അർഹമായത് നൽകിയതിനൊപ്പം എന്റെ സമുദായത്തിന് അർഹതപ്പെട്ടത് ഞാൻ എഴുതിയെടുത്തു" എന്നായിരുന്നു വിമർശകർക്കുള്ള അദ്ദേഹത്തിന്റെ മറുപടി. ശങ്കറിന് മുമ്പും ശേഷവും സംസ്ഥാനത്ത് വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത് ന്യൂനപക്ഷ വിഭാഗങ്ങളാണ്. സ്വന്തം വിഭാഗങ്ങൾക്ക് അവർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി നൽകി. ബേബിജോൺ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ചാത്തന്നൂർ,ചെങ്ങന്നൂർ,ഷൊർണൂർ എന്നിവിടങ്ങളിൽ എയ്ഡഡ് കോളേജുകൾ ലഭിച്ചത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ഇടുക്കി പാമ്പനാറിൽ ഒരു കോളേജ് ലഭിച്ചു. 50 വർഷത്തിനിടെ ലഭിച്ചത് നാല് എയ്ഡഡ് കോളേജുകൾ മാത്രം. അതേസമയം മറ്റു സമുദായങ്ങൾക്ക് ഡസൻ കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാരിക്കോരി നൽകി. ന്യൂനപക്ഷ,സവർണ വിഭാഗങ്ങൾ സമ്പത്തിലും വിദ്യാഭ്യാസത്തിലും ബഹുദൂരം മുന്നേറിയപ്പോൾ ഈഴവ സമുദായത്തെ മാറിമാറി വന്ന ഭരണക്കാർ തഴയുന്ന രീതി ഇന്നും തുടരുന്നു.
ശങ്കർ ജീവിച്ചിരുന്നപ്പോൾ സവർണ വിഭാഗങ്ങൾ കൂടാതെ സ്വസമുദായത്തിലുള്ളവരും വേട്ടയാടിയതാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നത്. കൊല്ലം എസ്.എൻ കോളേജ് സ്ഥാപിക്കാൻ കന്റോൺമെന്റ് മൈതാനത്തോട് ചേർന്ന ഭൂമി പാട്ടത്തിന് ലഭിക്കാൻ ദിവാനായിരുന്ന സർ സി.പിയെ സമീപിച്ചതിനെതിരെ സി.പിയുടെ ചെരിപ്പ് നക്കിയെന്ന് ചിലർ ആക്ഷേപിച്ചു. കുപ്രചാരണത്തിലൊന്നും അദ്ദേഹം കുലുങ്ങിയില്ല. എസ്.എൻ ട്രസ്റ്റിനു കീഴിൽ കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രി ആരംഭിച്ചതോടെ ജനമനസുകളിലും അദ്ദേഹം സ്ഥാനം നേടി. കോളേജ് നിർമ്മാണത്തിനായി നടത്തിയ ഉത്പന്ന പിരിവിനെതിരായ വിമർശന ശരങ്ങളെയും ആക്ഷേപവർഷങ്ങളെയും സുധീരം നേരിടുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗത്തിന്റെ 1954 ൽ നടന്ന 51-ാം വാർഷിക റിപ്പോർട്ടിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
യോഗത്തിന്റെ സുദീർഘമായ ചരിത്രം പരിശോധിച്ചാൽ സംഘടനയെയും യോഗത്തിന്റെ പ്രവർത്തനത്തെയും കുറിച്ച് ആക്ഷേപം ഉന്നയിച്ചവർ എക്കാലവും ഉണ്ടായിരുന്നെന്ന് കാണാം. അത്തരക്കാർ ഇന്നും അവരുടെ ശ്രമം തുടരുന്നു. ഗുരു സന്ദേശങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാൻ പ്രതിബന്ധങ്ങളോട് പടവെട്ടിയ സഹോദരൻ അയ്യപ്പനും, ക്ഷേത്ര പ്രവേശനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും നിലകൊണ്ട ടി.കെ മാധവനും, നിവർത്തന പ്രക്ഷേഭത്തിന് നേതൃത്വം നൽകിയ സി.കേശവനും വമ്പിച്ച എതിർപ്പുകൾ നേരിട്ടിരുന്നുവെന്ന കാര്യം ഓർക്കണം. ചരിത്രത്തിന്റെ ആവർത്തനമെന്നോണം യോഗത്തിനും ട്രസ്റ്റിനുമെതിരെ ഇന്നും കോടതികളിൽ കേസുകൾ നൽകി അതിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണ്. സമാനമായ ശക്തികൾ ശങ്കറിനെയും വിടാതെ പിന്തുടർന്നപ്പോൾ അതിന്റെ നഷ്ടം സംഭവിച്ചത് സമുദായത്തിനാണ്. അദ്ദേഹം പടുത്തുയർത്തിയ മഹാസ്ഥാപനങ്ങൾ അഭംഗുരം വളർത്തിയെടുക്കുകയും കർമ്മനിരതമായ ആ ജീവിതത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് സാമൂഹ്യസേവനം നടത്തുകയുമാണ് അനന്തരഗാമികളായ നമുക്ക് അദ്ദേഹത്തിനു വേണ്ടി ചെയ്യാവുന്ന മഹത്തായ കർത്തവ്യം. എതിർപ്പുകളെയും ആക്ഷേപങ്ങളെയും മഹാനായ ആർ. ശങ്കർ എങ്ങനെ നേരിട്ടോ, അതേ മാതൃകയിൽ കർമ്മനിരതമാകാൻ ഇന്നത്തെ യോഗനേതൃത്വവും പ്രതിജ്ഞാബദ്ധമാണ്.