
 തലശേരിയിൽ ആറു വയസുകാരനായ രാജസ്ഥാൻ ബാലൻ ഗണേഷിനു മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. ഒരു കേസിനെ സംബന്ധിച്ച് പ്രാഥമിക വിവരം കിട്ടിയാൽ സി.ആർ.പി.സി 164 പ്രകാരം സ്വമേധയാ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്. എന്നാൽ കൃത്യം ചെയ്ത മുഹമ്മദ് ഷിനാദിനെ വ്യാഴാഴ്ച രാത്രി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു. വിഷയം പൊതുസമൂഹത്തിനിടയിൽ ചർച്ചയായതിനു ശേഷം മാത്രമാണ് കേസ് എടുക്കാൻ തയ്യാറായത്. എന്തുകൊണ്ട് ഈ കാലതാമസം വന്നു എന്നത് അന്വേഷണ വിധേയമാക്കണം.
അതുപോലെ, അക്രമത്തിന് ഇരയായ കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ നേരിട്ട് ഉറപ്പുവരുത്തണം. പ്രോസിക്യൂഷൻ നടപടികൾ വളരെ വേഗത്തിലാക്കാനുള്ള നടപടികളും കൈക്കൊള്ളേണ്ടതുണ്ട്. കാരണം, കുട്ടിയും കുടുംബവും രാജസ്ഥാൻ സ്വദേശികളായതിനാലും, തൊഴിൽ തേടി കേരളത്തിൽ വന്നതിനാലും അവർ തിരിച്ചു സ്വദേശത്തേക്ക് പോയാൽ തുടർനടപടികൾ അനിശ്ചിതത്വത്തിലാകാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് രണ്ട് മാസത്തിനകം തന്നെ കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിച്ച് കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണം.
കെ.നസീർ
ബാലാവകാശ കമ്മിഷൻ മുൻ ചെയർമാൻ
പി.എഫ് പെൻഷൻ; വാസ്തവം അറിയണം
പി.എഫ് പെൻഷൻ കൂടും എന്ന വാർത്തയെ (നവംബർ അഞ്ച് ) സംബന്ധിച്ച് കുറേ സത്യങ്ങൾ പറയാനാഗ്രഹിക്കുന്നു. 70 ശതമാനത്തിലേറെ വരുന്ന, സെപ്തംബർ 2014 ന് മുൻപ് വിരമിച്ച പെൻഷൻകാർക്ക് ഉയർന്ന പെൻഷന്റെ ആനുകൂല്യവും നീതിയും നിഷേധിക്കുകയും ഒരു ചെറിയ വിഭാഗത്തിന് ഭാഗികമായി മാത്രം നീതി ലഭിക്കുന്നതുമായ ഒരു വിധിയാണിത്. ഏറ്റവും കുറഞ്ഞ പെൻഷനിൽ ഒരു തരത്തിലുള്ള വർദ്ധനയുമില്ല. അഞ്ഞൂറും ആയിരവുമൊക്കെ മാത്രം പെൻഷൻ കിട്ടിക്കൊണ്ടിരിക്കുന്നവർക്ക് അതു തന്നെയാണ് തുടർന്നും കിട്ടാൻ പോകുന്നത്. സർവീസിന്റെ അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിക്ക് പകരം 60 മാസം എന്ന് നിഷ്കർഷിക്കുന്നത് പുതിയ പെൻഷൻ കിട്ടാവുന്ന ന്യൂനവിഭാഗത്തിന്റെ പെൻഷൻതുക സാരമായി കുറയ്ക്കും.
നിയമത്തിന്റെ നടപടിക്രമങ്ങളിൽ പെട്ട് കഴിഞ്ഞ കുറെയേറെ വർഷങ്ങൾ നീണ്ടുനിന്ന ഒരു വിഷയമാണിത്. പെൻഷൻകാർ ഭൂരിഭാഗവും പ്രായമേറിയവരാണ്. കോടതിവിധി ആറ് മാസത്തേക്ക് മരവിപ്പിച്ച് നിറുത്തുന്നത് കാരണം ഈ പ്രായമേറിയ പെൻഷൻകാർ തങ്ങൾക്കുള്ള ചെറിയ ആനുകൂല്യം ലഭിക്കാൻ വീണ്ടും ആറുമാസം കാത്തിരിക്കേണ്ടി വന്നിരിക്കുന്നു. ഇതിനും പുറമേ, 1995ന് മുൻപ് വിരമിച്ചവരെ പാടേ അവഗണിക്കുകയും ചെയ്തിരിക്കുന്നു. ഇതിൽ നിന്നെല്ലാം മനസിലാക്കാവുന്ന സത്യം ഈ വിധി പെൻഷൻകാർക്ക് നീതിയെക്കാളേറെ അനീതിയും നീതിനിഷേധവുമാണ് നൽകുന്നത് എന്നാണ്.
എൻ.വിജയഗോപാലൻ
തിരുവനന്തപുരം. ഫോൺ : 9567695559