
ഇന്ന് മിക്കവാറും പൊലീസും വക്കീലന്മാരും തമ്മിൽ ശീതയുദ്ധമാണല്ലോ. അപ്പോൾ ഓർമ വരുന്നത് എൻ. ശ്രീമുകുന്ദൻ സാറിന്റെ മുഖമാണ്. എന്റെ സീനിയർ കോട്ടൂർ ഗോപാലകൃഷ്ണപിള്ളയുടെ അടുത്ത സുഹൃത്തായിരുന്നു മുകുന്ദൻ സാർ. കോട്ടൂർ സാറിനെ കാണാൻ അദ്ദേഹം ഓഫീസിൽ വരും.
വക്കീലന്മാരും പൊലീസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് അദ്ദേഹം പറയുമായിരുന്നു. ശ്രീമുകുന്ദൻ സർ തിരുവനന്തപുരത്ത് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന സമയം. കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാൾ എന്റെയടുത്ത് വന്നു. പൊലീസിൽ ഹാജരാകാം. മുകുന്ദൻ സാറിന്റെ കൈയിൽ പെടുന്നതിലും നല്ലത് കോടതിയിൽ കീഴടങ്ങുന്നതാണെന്നായിരുന്നു പ്രതിയുടെ അഭിപ്രായം. ഞാൻ മുകുന്ദൻ സാറിനെ കാണാൻപോയി. ഞാൻ പറഞ്ഞു: 'സർ, അയാൾ സംഭവത്തിലുണ്ടോ എന്നറിയില്ല. ഹാജരാകാൻ തയ്യാറാണ്. പേരൂർക്കട സ്റ്റേഷനിൽ ക്രൈം കേസാണ്..." ഇത് കേട്ട് ഉറക്കെ ചിരിച്ചുകൊണ്ട് അദ്ദേഹം 'അവൻ കൂടെ വന്നിട്ടുണ്ടോ, അന്വേഷണത്തോട് സഹകരിക്കുമോ" എന്ന് ചോദിച്ചു. ഞാൻ പുള്ളിയെ വിളിച്ച് മുന്നിൽനിറുത്തി. 'നീ ഇതിലുണ്ടോ?" എന്ന് ഗാംഭീര്യത്തിൽ ഒരു ചോദ്യം. 'സർ, ഞാൻ നിരപരാധിയാണെന്ന് ", പ്രതി പറഞ്ഞു. ഉടനെ ഫോണെടുത്ത് പേരൂർക്കട സർക്കിൾ ഇൻസ്പെക്ടറെ വിളിച്ചു. 'ഒരു പ്രതിയെ ഇപ്പോൾ അങ്ങോട്ടയയ്ക്കും. റിമാൻഡ് എഴുതി നാളെ രാവിലെ കോടതിയിൽ കൊടുക്കണം". എന്നിട്ട് എന്നോട് പറഞ്ഞു: 'ഇഷ്ടാ, പൊയ്ക്കോ..." പൊലീസ് സ്റ്റേഷനിൽ വക്കീലദ്ദേഹം പോവണ്ട. പ്രതി പോയാൽ മതി". പ്രതി പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിറ്റേന്ന് കോടതിയിൽ കൊടുത്തില്ല. ഞാൻ പിന്നെയും സാറിനെ പോയിക്കണ്ടു. കണ്ടപ്പോഴേ ചോദിച്ചു: 'പ്രതിയെ കോടതിയിൽ കൊടുത്തില്ല, അല്ലേ". ഉടനെ പേരൂർക്കട സി.ഐ.യെ വിളിച്ചു. 'ഇന്നലെവന്ന പ്രതിയെ കോടതിയിൽ കൊടുത്തിട്ടുമതി ബാക്കി ജോലി. എന്നിട്ട് എന്നെ വിളിച്ചു പറയണം" എന്ന് പറഞ്ഞു. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.
അദ്ദേഹത്തിന്റെ മകൻ അശ്വന്ത് മുകുന്ദൻ പിന്നീട് കോട്ടൂർ സാറിന്റെ ജൂനിയറായി. ഇപ്പോൾ അച്ഛന്റെ പാത പിന്തുടർന്ന് പൊലീസിൽത്തന്നെ ജോലി ചെയ്യുന്നു. ശ്രീമുകുന്ദൻ സാറിന്റെ 25 -ാം ചരമവാർഷികമായിരുന്നു ഇന്നലെ.
ലേഖകന്റെ ഫോൺ - 9447053350