blood

കോഴിക്കോട്: അർജന്റീന, ബ്രസീൽ ആരാധകർക്ക് ആശ്വസിക്കാം. പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റില്ല. പുഴ കൊടുവള്ളി നഗരസഭാ പരിധിയിലാണെന്നും കട്ടൗട്ടുകൾ എടുത്തു മാറ്റണമെന്ന പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കൊടുവള്ളി നഗരസഭാ അധികൃതർ പറഞ്ഞു. ഇനി പരാതി ലഭിച്ചാലും ഫു‌‌ട്ബാൾ ആരാധകർക്ക് അനുകൂലമായ നടപടി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന നിലപാടിലാണ് നഗരസഭ. പുഴ ചാത്തമംഗലം പരിധിയിലല്ലാത്തതിനാൽ കട്ടൗട്ടുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിന് ലഭിച്ച പരാതി നിലനിൽക്കില്ല. അതേ സമയം കട്ടൗട്ടുകൾ എടുത്തുമാറ്റാൻ ചാത്തമംഗലം പഞ്ചായത്ത് രേഖാമൂലം നോട്ടീസ് നൽകിയിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഓലിക്കൽ പറഞ്ഞു. പുഴ ഒഴുകുന്നത് ഏതുസ്ഥലത്താണെന്ന കാര്യത്തിൽ വ്യക്തമായ പരിശോധന ഇന്ന് നടക്കുമെന്നും അധികൃതർ വ്യക്തമാക്കി. അഭിഭാഷകനായ ശ്രീജിത്ത് പെരുമന കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തുമെന്ന് കാണിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാത്തമംഗലം പഞ്ചായത്ത് കട്ടൗട്ടുകൾ നീക്കാൻ നിർദ്ദേശിച്ചെന്നായിരുന്നു വാർത്ത.

റൊണാൾഡോയും എത്തി

തർക്കങ്ങൾ നടക്കുന്നതിനിടെ ഇന്നലെ രാത്രി മെസിക്കും നെയ്മറിനും അടുത്ത് പുള്ളാവൂരിൽ ചെറുപുഴയിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്ര്യാനൊ റൊണാൾഡോയുടെ കട്ടൗട്ടും ആരാധകർ ഉയർത്തി. 45 അടി ഉയരമുള്ളതാണ് റൊണാൾഡോയുടെ കട്ടൗട്ട്. ഇവിടെ ആദ്യം സ്ഥാപിച്ച മെസിയുടെ കട്ടൗട്ട് മുപ്പതടി ഉയരമുള്ളതാണ്. പിന്നാലെ ബ്രസീൽ ആരാധകർ 40 അടി ഉയരത്തിൽ നെയ്‌മറുടെ കട്ടൗട്ടും സ്ഥാപിച്ചു.

 പുഴയ്ക്ക് ദോഷമില്ല

കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഇവപുഴയുടെ മുകളിലായതിനാൽ നീരൊഴുക്കിന് തടസമാകില്ല.