aam

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ വാഗ്ദാനങ്ങളുമായി ബി.ജെ.പി സമീപിച്ചെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി. പിന്മാറിയാൽ കേന്ദ്രം വ്യത്യസ്ത കേസുകളിൽ പ്രതികളായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ എന്നീ നേതാക്കളെ കേസുകളിൽ നിന്നൊഴിവാക്കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തെന്നായിരുന്നു കേജ്‌രിവാളിന്റെ ആരോപണം. ഈ ആരോപണം തള്ളിയ ബി.ജെ.പി വക്താവ് സയിദ് സഫർ ഇസ്‌ലാം കേജ്‌രിവാൾ പറയുന്നത് നഗ്നമായ നുണയാണെന്നും ജനങ്ങളെ തെറ്രിദ്ധരിപ്പിക്കാനും ബി.ജെ.പിയുടെ പ്രതിച്ഛായ മോശമാക്കാനുമുള്ള പ്രസ്താവനയാണിതെന്നും പറഞ്ഞു. ഡൽഹിയിലെയും രാജ്യത്തെയും ജനങ്ങളെ കേജ്‌രിവാൾ തെറ്റിദ്ധരിപ്പിച്ചു. അധികാരത്തിലെത്താൻ അണ്ണാ ഹസാരയെ ഉപയോഗിച്ച അദ്ദേഹം പിന്നീട് ഹസാരയെ കൈവിട്ടു. അധികാരത്തിനായി ആരെയും തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നും സയിദ് സഫർ പറഞ്ഞു.

എ.എ.പി വിട്ടാൽ ഡൽഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിനെത്തുടർന്ന് ബി.ജെ.പി വാഗ്ദാനങ്ങളുമായി തന്നെ സമീപിച്ചതായി അരവിന്ദ് കേജ്‌രിവാൾ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.