kerala-tax

കൊച്ചി: നടപ്പുസാമ്പത്തിക വർഷം രാജ്യത്തെ സംസ്ഥാനനികുതി വരുമാനത്തിലെ വളർച്ചാനിരക്കിൽ കേരളം രണ്ടാംസ്ഥാനത്ത്. 41 ശതമാനം വളർച്ചയോടെ ഏപ്രിൽ-സെപ്തംബറിൽ കേരളം നേടിയത് 33,​175 കോടി രൂപയാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന വളർച്ച കേരളത്തിന്റേതാണ്. രാജ്യത്ത് ഏറ്റവുമധികം നികുതിവരുമാനം നേടിയതും ഉയർന്ന വളർച്ചാനിരക്ക് കുറിച്ചതും മഹാരാഷ്‌ട്രയാണ്. 2021-22ലെ സമാനകാലത്തെ 81,​395 കോടി രൂപയിൽ നിന്ന് മഹാരാഷ്‌ട്രയുടെ നികുതിവരുമാനം 42 ശതമാനം ഉയർന്ന് 1.15 ലക്ഷം കോടി രൂപയായി. 29 ശതമാനം വളർച്ചയോടെ 1.02 ലക്ഷം കോടി രൂപ നേടി വരുമാനത്തിൽ രണ്ടാംസ്ഥാനത്ത് ഉത്തർപ്രദേശാണ്.

മൂന്നാംസ്ഥാനം കർണാടകയിൽ നിന്ന് തമിഴ്‌നാട് പിടിച്ചെടുത്തു. 50,​324 കോടി രൂപയിൽ നിന്ന് തമിഴ്നാടിന്റെ വരുമാനം 68,​638 കോടി രൂപയായി ഉയർന്നു. നാലാമതായ കർണാടകയുടെ വരുമാനം 53,​566 കോടി രൂപയിൽ നിന്ന് 66,​158 കോടി രൂപയിലെത്തി. വരുമാനവളർച്ചയിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും പിന്നിൽ ആന്ധ്രാപ്രദേശാണ്; 9 ശതമാനം.

തമിഴ്നാടിന് നേട്ടമായി മദ്യനികുതി

സംസ്ഥാന ജി.എസ്.ടി.,​ സ്‌റ്റാമ്പ് ഡ്യൂട്ടി,​ രജിസ്‌ട്രേഷൻ ഫീസ്,​ വില്പനനികുതി,​ മദ്യനികുതി,​ ഭൂനികുതി തുടങ്ങിയവയാണ് സംസ്ഥാനങ്ങളുടെ നികുതിയിൽ വരുന്നത്. മദ്യനികുതി വർദ്ധനയാണ് കർണാടകയിൽ നിന്ന് മൂന്നാംസ്ഥാനം പിടിച്ചെടുക്കാൻ തമിഴ്നാടിന് സഹായകമായത്. മദ്യനികുതിയിൽ 52 ശതമാനം വർദ്ധനയാണ് നടപ്പുവർഷം ഏപ്രിൽ-സെപ്തംബറിൽ തമിഴ്നാട് കുറിച്ചത്.

മുന്നിൽ മഹാരാഷ്‌ട്ര

നികുതി വരുമാനത്തിൽ ഉയർന്ന വളർച്ച കുറിച്ച സംസ്ഥാനങ്ങൾ:

 മഹാരാഷ്‌ട്ര : 42%

 കേരളം : 41%

 തമിഴ്നാട് : 36%

 ഗുജറാത്ത് : 31%

 ഉത്തർപ്രദേശ് : 29%

ദക്ഷിണേന്ത്യ

(നികുതി വരുമാന വളർച്ചാനിരക്ക്)​

 കേരളം : 41%

 തമിഴ്നാട് : 36%

 തെലങ്കാന : 26%

 കർണാടക : 24%

 ആന്ധ്രാപ്രദേശ് : 9%